അമ്പലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭാര്യ കെ. വസുമതിയും കുടുംബവും തിരുവനന്തപുരത്തെ മകന്റെ വസതിയായ വേലിക്കകത്ത് വീട്ടിലേക്ക് മടങ്ങി. മരുമകൾ ഡോ. രജനി ബാലചന്ദ്രൻ,കൊച്ചുമക്കളായ ആനന്ദ്,അർജുൻ എന്നിവർക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മകൻ ഡോ.അരുൺകുമാർ രാത്രിയോടെ എത്തി. വി.എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ അതിരാവിലെ പുഷ്പങ്ങൾ അർപ്പിച്ച് വീട്ടിലെത്തിയ ശേഷമാണ് കുടുംബം യാത്ര തിരിച്ചത്. മകൾ ഡോ. ആശ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. അമ്മയെ ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ട സമയം കഴിഞ്ഞെന്നും അതിനാലാണ് പെട്ടെന്ന് തിരിച്ചുപോകുന്നതെന്നും അരുൺകുമാർ പറഞ്ഞു. വികാരനിർഭരമായ യാത്ര അയപ്പായിരുന്നു പറവൂർ വേലിക്കകത്ത് വീട്ടിൽ വി.എസ് കുടുംബത്തിന് നൽകിയത്, രാവിലെ മുതൽ അയൽക്കാരും പാർട്ടി പ്രവർത്തകരും പറവൂരിലെ വേലിക്കകത്തേക്ക് എത്തിക്കൊണ്ടിരുന്നു. മുൻ മന്ത്രിമാരായ ജി.സുധാകരൻ, ഡോ.തോമസ് ഐസക് എന്നിവർ രാവിലെ തന്നെ എത്തിയിരുന്നു. എച്ച്.സലാം എം.എൽ.എ,എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,പാർട്ടി പ്രവർത്തകരായ സി.ഷാംജി,എ.ഓമനക്കുട്ടൻ,ഗുരുലാൽ,സത്യ കർത്തി തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |