കൊച്ചി: മനുഷ്യരിലുള്ള ദൈവികമായ ഗുണവാസനകളെ ഉണർത്തി സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനും ഉപയുക്തമാക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് സാദ്ധ്യമാകേണ്ടതെന്ന് ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ അമൃത മെഡിക്കൽ കോളേജിലെ അമൃതായനം ഹാളിൽ സംഘടിപ്പിച്ച പൊതുസഭയിൽ 'വിദ്യാഭ്യാസത്തിലെ ഭാരതീയത" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്പാദിക്കാൻ വേണ്ടി മാത്രമല്ല പഠിക്കേണ്ടത്. ശരിയായ തീരുമാനങ്ങളെടുക്കാനാണ് വിദ്യാഭ്യാസം . ലോകത്തെവിടെയും അതിജീവിക്കാനാകുന്ന വിദ്യാഭ്യാസമാണ് ആവശ്യം.
കുടുംബാന്തരീക്ഷത്തിൽ നിന്ന് കുട്ടികളിലേക്ക് സംസ്‌കാരം വിനിമയം ചെയ്യപ്പെടണം. ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അവ ദൃഢമാകണം. വ്യക്തി വികാസമെന്നത് എല്ലാവരുടെ വികാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നയം
മോചനം: ഗവർണർ
കൊളോണിയൽ കാലത്തെ ചിന്തകൾ പേറി ഇത്രയും കാലം മുന്നോട്ട് പോയതിൽ നിന്നുള്ള മോചനമാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.കുടുംബങ്ങളിലെ സംസ്‌കാരം നശിപ്പിക്കപ്പെട്ടതിന് കാരണം കഴിഞ്ഞ കാലങ്ങളിലെ വിദ്യാഭ്യാസ നയമാണ്. കൊളോണിയൽ കാലത്തിനു മുമ്പും ഇപ്പോഴും ഇന്ത്യ വിശ്വഗുരുവാണ്. ഭാവിയുടെ വിദ്യാഭ്യാസം എങ്ങനെ വേണമെന്ന് നിർണയിക്കുന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം പറഞ്ഞു.
നാലു വി.സിമാർ
പങ്കെടുത്തു
വൈസ് ചാൻസലർമാരായ പ്രൊഫ. സാജു കെ.കെ (കണ്ണൂർ ), പ്രൊഫ. എ. ബിജുകുമാർ (കുഫോസ് ), പ്രൊഫ. പി. രവീന്ദ്രൻ (കാലിക്കറ്റ്) , ഡോ.മോഹൻ കുന്നുമ്മേൽ( കേരള, ആരോഗ്യ)എന്നിവർ പങ്കെടുത്തു.
ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി അതുൽ കോത്താരി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറൽ ഡോ. പങ്കജ് മിത്തൽ, എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. ടി.ജി. സീതാറാം, ഭാരതീയ ജ്ഞാനപരമ്പര ദേശീയ കോ -ഓർഡിനേറ്റർ പ്രൊഫ. ഗാണ്ടി എസ്. മൂർത്തി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |