ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ എഫ്‌ഐആർ പുറത്ത്. ഗുരുതരവകുപ്പുകളാണ് എഫ്‌ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകൾ ഉദ്ദേശിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇവർ ഇപ്പോൾ ദുർഗിലെ ജയിലിലാണ്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദഫലമായാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നിലപാടെടുക്കണമെന്ന് അവർ ഛത്തീസ്ഗഡിലെ ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ മോചനത്തിന് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |