തിരുവനന്തപുരം: സംസ്ഥാനത്ത് ബലക്ഷയം കാരണം പൊളിച്ചു കളയേണ്ട സ്കൂൾ കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി തദ്ദേശ വകുപ്പ്. വിവിധ ജില്ലകളിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചുവരെ ലഭിച്ച കണക്കുപ്രകാരം ഇക്കൂട്ടത്തിലുള്ളത് 272 കെട്ടിടങ്ങൾ. ഇതിൽ 95 കെട്ടിടങ്ങൾ രണ്ടു വർഷം മുമ്പുതന്നെ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാർ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയവയാണ്. ശേഷിക്കുന്നവ കഴിഞ്ഞ ജൂണിനു മുമ്പും ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കണക്കെടുപ്പ് പൂർത്തിയായ ശേഷമാകും തുടർനടപടി.
കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്. ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശ പ്രകാരമാണിത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലടക്കം കണക്കെടുപ്പ് നടത്തുന്നുണ്ട്.
പ്രളയം സാരമായി ബാധിച്ച ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടെ ബലക്ഷയം ബാധിച്ച സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം കൂടുതലാണ്.
തദ്ദേശ എൻജിനിയർമാർ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ആ കെട്ടിടങ്ങളെ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം, പാചകപ്പുര എന്നിങ്ങനെയാക്കി മാറ്റി പ്രവർത്തനം തുടരുന്നുണ്ട്.
നടപടിക്രമങ്ങൾ ഏറെ
പൊളിക്കൽ വൈകും
അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെക്കാലമെടുക്കും. സ്കൂൾ പി.ടി.എയും തുടർന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും യോഗം ചേർന്ന് ആദ്യം തീരുമാനമെടുക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് അതിന് അനുമതി നൽകണം. തുടർന്ന് വാല്യുവേഷൻ നിശ്ചയിച്ച് എൻജിനിയറിംഗ് വിഭാഗം ടെൻഡർ വിളിച്ച് പൊളിക്കാൻ കരാർ നൽകണം. മൂന്നു വർഷമായിട്ടും പൊളിക്കാൻ കഴിയാതെ നടപടികളിൽ കുരുങ്ങി കിടക്കുന്ന സ്കൂൾ കെട്ടിടങ്ങളുണ്ട്.
സ്കൂൾ സുരക്ഷ: ആറാഴ്ചയ്ക്കകം
മാർഗരേഖ പുറപ്പെടുവിക്കണം
കൊച്ചി: സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ കരട് മാർഗരേഖയിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി. തുടർന്ന് ചീഫ് സെക്രട്ടറി സംയുക്ത യോഗം വിളിച്ച് ആറാഴ്ചയ്ക്കകം അന്തിമ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്സിംഗ് സമർപ്പിച്ച ഹർജിയുമാണ് കോടതി പരിഗണിച്ചത്.
തദ്ദേശ, വനം വകുപ്പുകൾ, ദേശീയ ആരോഗ്യ മിഷൻ, കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറിക്ക് കൈമാറണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |