റൺവേകൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിമാനങ്ങൾക്കായിരിക്കും. എന്നാൽ ന്യൂസിലൻഡിലെ ഗിസ്‌ബോൺ എയർപ്പോർട്ടിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ ട്രെയിനുകളും വിമാനങ്ങളും ഒരേ റൺവേ ഉപയോഗിച്ച് ഊഴമനുസരിച്ചാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ മതിയാകൂ.
റൺവേയുടെ നടുവിലൂടെ റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ലോകത്തിലെ ഒരേയൊരു വിമാനത്താവളമാണ് ഗിസ്‌ബോണിലുള്ളത്. ഇത് സന്ദർശകരെ ഒരു പോലെ അമ്പരപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന അപൂർവ കാഴ്ചയാണ്. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞൻ നഗരത്തിലാണ് ഈ അത്ഭുത കാഴ്ച.
ഏകദേശം 395.37 ഏക്കറിലാണ് എയർപ്പോർട്ട് വ്യാപിച്ചുകിടക്കുന്നത് ഇതിനുള്ളിലൂടെയാണ് പാമർസ്റ്റൺ നോർത്ത്-ഗിസ്‌ബോൺ റെയിൽവേ കടന്നു പോകുന്നത്. എല്ലാ ദിവസവും രാവിലെ 6.30 നും രാത്രി 8:30 നും ഇടയിലാണ് വിമാനത്താവളവും റെയിൽവേയും ഒന്നിച്ച് പ്രവർത്തിക്കുന്നത്. അതിനുശേഷം റൺവേ അടയ്ക്കും.
ഒരു ട്രെയിൻ കടന്നുപോകുമ്പോൾ ഒരു വിമാനം കാത്തിരിക്കണം. തിരിച്ചും അങ്ങനെ തന്നെയാണ്. രസകരമായ മറ്റൊരു കാര്യം എയർപ്പോർട്ട് അധികൃതർ തന്നെയാണ് റെയിൽവേ സിഗ്നലുകളെയും നിയന്ത്രിക്കുന്നത്. വിമാനങ്ങൾ ഇറങ്ങാനോ പറന്നുയരാനോ അനുവദിക്കുന്ന സമയങ്ങളിൽ ട്രെയിനുകൾ നിർത്തിയിടും.
ഗിസ്ബോണിനടുത്തുള്ള മുരിവായ് പട്ടണവുമായിട്ടാണ് ഈ ലൈൻ ബന്ധിപ്പിക്കുന്നത്. സങ്കീർണ്ണതകളില്ലാതെ വിമാനങ്ങളുടെയും ട്രെയിനുകളുടെയും സമയക്രമങ്ങൾ എല്ലാ ദിവസവും ഏകോപിപ്പിക്കുക എന്നത് എയർപ്പോർട്ട് ജീവനക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. രണ്ടും വളരെ കൃത്യതയോടെയാണ് ജീവനക്കാർ കൈകാര്യം ചെയ്യുന്നത്.
ടാസ്മാനിയയിലെ വൈൻയാർഡ് വിമാനത്താവളത്തിലും സമാനമായ രൂപരേഖ തയ്യാറാക്കിയെങ്കിലും 2005-ൽ റെയിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചു. വലിപ്പത്തിൽ വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും ആഴ്ചയിൽ 60-ലധികം വിമാന സർവീസുകളാണ് ഗിസ്ബോണിൽ നടത്തുന്നത്. പ്രതിവർഷം 1.5 ലക്ഷത്തോളം യാത്രക്കാർ ഇവിടെ എത്തുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ വയലുകളും ശാന്തമായ ബീച്ചുകളും ഉൾപ്പെടുന്ന മേഖലയിലെ പ്രകൃതി സൗന്ദര്യത്തിലേക്കുള്ള കവാടമായിട്ടും ഗിസ്ബോൺ എയർപ്പോർട്ട് പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |