തൃശൂർ: മനുഷ്യ - വന്യജീവി സംഘർഷം ദിനം പ്രതി വർദ്ധിക്കുമ്പോൾ പ്രതിരോധ പദ്ധതികൾ പാളുന്നു. സ്വഭാവിക വനം ശോഷിച്ചതോടെ വന്യമൃഗങ്ങൾ ഭക്ഷണം തേടി നാട്ടിലെത്തുന്നതാണ് വനംവകുപ്പിന് തലവേദനയാകുന്നത്. സംഘർഷം കുറയ്ക്കാൻ 10 ദൗത്യങ്ങളുടെ രൂപരേഖ അഡിഷണൽ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
കേസുകൾ നിരവധി
2011 മുതൽ 2021 വരെ 34,875 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് വനംവന്യജീവി വകുപ്പ്. 1,233 പേർക്ക് ജീവഹാനിയും 6803 പേർക്ക് ഗുരുതര പരിക്കുമേറ്റു. 2012 - 2023 വരെ 202 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. 196 പേരെ നാട്ടാനകളും കൊന്നു. മദ്ധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് ഏറ്റവും അധികം വന്യജീവി മനുഷ്യസംഘർഷമുണ്ടായത്. വയനാട് ജില്ലയിലാണ് കൂടുതൽ.
പ്രധാന പദ്ധതികൾ
റിയൽ ടൈം നിരീക്ഷണ സംവിധാനം
പ്രാഥമിക പ്രതികരണ സംഘങ്ങൾ
ആദിവാസിജ്ഞാനം പ്രയോജനപ്പെടുത്തൽ
ആഹാരം, ജലസൗകര്യം വനത്തിൽ ഒരുക്കൽ
കുരങ്ങ്, കാട്ടുപന്നി നിയന്ത്രണം
സർപ്പ ദൗത്യം
സോളാർ വേലി ദൗത്യം
സർവേയും പഠനവും
പൊതുജന ബോധവത്കരണം
ആവശ്യങ്ങൾ
സോളാർ വേലികളിലെ വൈദ്യുതിയുടെ ശക്തി കൂട്ടാൻ സംവിധാനം ഉണ്ടാക്കുക, ആനകളെ തടയാൻ സംരക്ഷണഭിത്തികളുടെ ഉയരം കൂട്ടുകയും കിടങ്ങുകളുടെ ആഴവും വീതിയും വർദ്ധിപ്പിക്കുകയും ചെയ്യുക, റെയിൽവേ വേലി മാതൃകയിൽ വേലികൾ നിർമ്മിക്കുക തുടങ്ങിയവയാണ് പ്രധാന മാർഗങ്ങൾ.
ജനങ്ങളുടെ സഹകരണം അനിവാര്യം
വന്യജീവി സംഘർഷം കുറയ്ക്കൽ വനംവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന നിലപാടിലാണ് വകുപ്പ്. വന്യജീവികൾ വിളകൾ നശിപ്പിക്കുന്നതും കന്നുകാലികളെ കൊന്നുതിന്നുന്നതും സ്വാഭാവിക ഭക്ഷണത്തിന്റെ അസാന്നിദ്ധ്യം മൂലമാണ്. വനത്തിന് സമീപം മുൻപ് നെൽക്കൃഷിയായിരുന്നു. കൃഷിരീതി തന്നെ മാറ്റിമറിച്ചത് മൃഗങ്ങൾ കൂടുതലായിറങ്ങുന്നതിന് കാരണമായി. ഡ്രോൺ നിരീക്ഷണത്തിലൂടെ വന്യജീവികളുടെ സാന്നിദ്ധ്യം എസ്.എം.എസ് വഴി കൈമാറാൻ പദ്ധതിയൊരുക്കണമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |