ന്യൂഡൽഹി : സംയുക്ത സേന 'ഓപ്പറേഷൻ മഹാദേവിൽ" വധിച്ച മൂന്നുപേരും പഹൽഗാം ഭീകരരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിൽ കൊടുംക്രൂരത കാട്ടിയ ലഷ്കറെ ത്വയ്ബ ഭീകരരായ ഫൈസൽ ജാട്ട് (സുലൈമാൻ), സിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെയാണ് കരസേന, സി.ആർ.പി.എഫ്, ജമ്മു കാശ്‌മീർ പൊലീസ് സംയുക്ത ഓപ്പറേഷനിൽ തിങ്കളാഴ്ച വധിച്ചത്. മൂവരും 'എ" കാറ്റഗറി ഭീകരരാണ്. പാക് പൗരന്മാരും.
ദച്ചിഗാമിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് മേയ് 22നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിക്കുന്നത്. അന്ന് മുതൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചിരുന്നു. ഭീകരാക്രമണം നടത്തിയവർ ആരാണെന്നും പിടികൂടാത്തത് എന്തെന്നും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം നേരത്തെ ചോദിച്ചിരുന്നു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പാകിസ്ഥാന് ക്ലീൻചിറ്റ് നൽകുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കാശ്‌മീരിലിപ്പോൾ പ്രാദേശിക ഭീകരരല്ല, പാകിസ്ഥാനിൽ നിന്ന് പറഞ്ഞുവിടുന്ന ഭീകരർ മാത്രമാണുള്ളതെന്നും പറഞ്ഞു.
#പ്രത്യേക വിമാനത്തിൽ
തോക്കുകൾ ചണ്ഡിഗറിൽ
കൊല്ലപ്പെട്ട ഭീകരരുടെ പക്കലുണ്ടായിരുന്ന യു.എസ് നിർമ്മിത എം- 9 റൈഫിൾ, രണ്ട് എ.കെ റൈഫിളുകൾ എന്നിവ പഹൽഗാമിൽ ഉപയോഗിച്ച തോക്കുകളാണോയെന്ന് സ്ഥിരീകരിക്കാൻ പ്രത്യേക വിമാനത്തിൽ ചണ്ഡിഗറിലെ സെൻട്രൽ ഫൊറൻസിക് ലാബിലെത്തിച്ചെന്ന് അമിത് ഷാ പറഞ്ഞു. ടെസ്റ്ര് ഫയറിംഗ് നടത്തി വെടിയുണ്ടകളുടെ അവശിഷ്‌ടം ശേഖരിച്ചു. പഹൽഗാമിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ അവശിഷ്‌ടങ്ങളുമായി ഒത്തുനോക്കി. പുലർച്ചെ 04.46ന് ആറ് ഫൊറൻസിക് വിദഗ്ദ്ധർ വീഡിയോ കോൾ മുഖേന ബാലിസ്റ്റിക് മാച്ചിംഗ് നടത്തി അതേ തോക്കുകളാണെന്ന് സ്ഥിരീകരിച്ചു. ബാലിസ്റ്റിക് റിപ്പോർട്ട് തന്റെ പക്കലുണ്ടെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ഭക്ഷണവും പാർപ്പിടവും ഏർപ്പാടാക്കിയവർ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് ഭീകരരുടെ പാക് വോട്ടർ ഐ.ഡി നമ്പർ പക്കലുണ്ട്. ഭീകരരിൽ നിന്ന് കണ്ടെടുത്ത ചോക്ലേറ്റുകൾ പാകിസ്ഥാനിലുണ്ടാക്കിയതാണ്. തുടങ്ങിയ തെളിവുകളും അമിത് ഷാ നിരത്തി.
ഒരു ലോക നേതാവും
ഇടപെട്ടില്ലെന്ന്മോദി
പ്രസൂൻ എസ്.കണ്ടത്ത്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വെടിനിറുത്തലിന് വഴിയൊരുക്കിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളി. ഇന്ത്യയുടെ സൈനിക നീക്കം തടയാൻ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് ലോക്‌സഭയിൽ 'ഓപ്പറേഷൻ സിന്ദൂർ" ചർച്ചയിൽ വ്യക്തമാക്കി. ട്രംപിന്റെ വാദം തള്ളാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരുന്നു.
മേയ് 9 ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വിളിച്ച് പാകിസ്ഥാൻ വലിയ ആക്രമണം നടത്താൻ പോകുന്നതായി പറഞ്ഞു. ആക്രമിച്ചാൽ പാകിസ്ഥാന് വലിയ വില നൽകേണ്ടി വരുമെന്നും വെടിയുണ്ടയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്നും വാൻസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം പാക് സൈന്യത്തിന് കനത്ത പ്രഹരം നൽകി. ഇന്ത്യയുടെ പ്രഹരം വീര്യം കൂടിയതാണെന്ന് അവർക്ക് മനസിലായി. കൂടുതൽ പ്രഹരിക്കരുതെന്നും വെടിനിറുത്തണമെന്നും പാക് മിലിട്ടറി ഓപ്പറേഷൻ ഡയറക്ടർ ജനറൽ അപേക്ഷിച്ചു.
പഹൽഗാം ആക്രമണത്തിന് മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂർ 22 മിനിട്ടിൽ പാക് ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ച് 100% ലക്ഷ്യം നേടി. പാക് വ്യോമതാവളങ്ങൾ ഇപ്പോഴും ഐ.സി.യുവിലാണ്. ഓപ്പറേഷൻ സിന്ദൂർ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |