തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിവിധ ചെക്‌പോസ്റ്റ് വഴി കൊണ്ടുവരികയായിരുന്ന ലോറികളില്‍ പരിശോധന നടത്തി വിജിലന്‍സ്. അനുവദിനീയമായതില്‍ കൂടുതല്‍ ഭാരം ഉള്‍പ്പെടുത്തി സംസ്ഥാനത്തേക്ക് ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുവരികയായിരുന്ന ലോറികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് അനുവദനീയ അളവില്‍ കൂടുതല്‍ ക്വാറി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നു എന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 10 സ്ഥലങ്ങളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ അമിത ഭാരം കയറ്റിയതും നികുതി അടക്കാത്തതും അനധികൃതമായി ക്വാറി ഉത്പന്നങ്ങള്‍ കയറ്റിയതുമായ 55 വാഹനങ്ങള്‍ പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ പ്രകാരം 40,47,915 രൂപ പിഴ ഈടാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
അമിത ഭാരം കയറ്റി വന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെക്കൊണ്ട് 19,82,750 രൂപയും ക്വാറി ഉല്‍പന്നങ്ങള്‍ കയറ്റി പാസില്ലാതെ വന്ന വാഹനങ്ങള്‍ക്ക് ജിയോളജി വകുപ്പിനെക്കൊണ്ട് 19,11,371 രൂപയും മതിയായ നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് ജി.എസ്.ടി വകുപ്പിനെക്കൊണ്ട് 1,53,794 രൂപയുമാണ് പിഴ അടപ്പിച്ചത്. മതിയായ രേഖകള്‍ ഹാജരാക്കാത്ത ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്ത് ജിയോളജി, ജി.എസ്.ടി വകുപ്പുകളുടെ നിയമ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |