പരവൂർ: ക്ഷേത്രാഭരണങ്ങൾ മോഷ്ടിച്ച പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കിഴക്കനേല പുതിയിടത്ത് ഇല്ലത്തിൽ ഈശ്വരൻ നമ്പൂതിരിയാണ് (42) പിടിയിലായത്. പ്രാഥമിക കണക്ക് പ്രകാരം ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 20 പവനാണ് നഷ്ടമായത്. യഥാർത്ഥ അഭരണങ്ങൾക്ക് പകരം വെള്ളിയിൽ കിരീടവും തൃക്കണ്ണും നിർമ്മിച്ച് സ്വർണം പൂശിയവ പകരം വയ്ക്കുകയായിരുന്നു. അടുത്തിടെ ക്ഷേത്രത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ സ്വർണം പരിശോധിച്ച ഭരണസമിതി അംഗങ്ങൾക്ക് സംശയം തോന്നി ഉരച്ചു നോക്കിയപ്പോൾ സ്വർണം പൂശിയതാണെന്ന് വ്യക്തമായി. ഇതോടെ തിങ്കളാഴ്ച വൈകിട്ട് ക്ഷേത്ര ഭാരവാഹികൾ പരവൂർ സ്റ്റേഷനിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി ഈശ്വരൻ നമ്പൂതിരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവർഷമായി ഈശ്വരൻ നമ്പൂതിരിയാണ് ക്ഷേത്രത്തിലെ പൂജാരി.
ആഭരണങ്ങൾ ചിലത് പണയം വച്ചുവെന്നും ചിലതു വിറ്റുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പരവൂർ എസ്.എച്ച്.ഒ ഡി.ദീപു, സബ് ഇൻസ്‌പെക്ടർ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ബിജോയ്, ഗ്രേഡ് എസ്.ഐ പ്രദീപ്, സി.പി.ഒ മാരായ അജേഷ്, പ്രേംലാൽ, സച്ചിൻ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |