ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വ-ദൂര പ്രളയ് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയം. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണം. മുൻനിശ്ചയിച്ച പാതയിൽ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡീഷ തീരത്ത് 28നും ഇന്നലെയും നടന്ന പരീക്ഷണത്തിൽ ഒരു കപ്പലിൽ സ്ഥാപിച്ച വിവിധ ട്രാക്കിംഗ് സെൻസറുകൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിസൈലിന്റെ എല്ലാ ഭാഗങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിച്ചെന്ന് അധികൃതർ അറിയിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) കീഴിലുള്ള അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി അടക്കം സ്ഥാപനങ്ങളുടെ സഹായത്തോടെ റിസർച്ച് സെന്റർ ഇമാറാത്താണ് മിസൈൽ വികസിപ്പിച്ചത്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയ വ്യവസായ പങ്കാളികളും പദ്ധതിയുടെ ഭാഗമാണ്. മിസൈൽ പരീക്ഷണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും അഭിനന്ദിച്ചു. നൂതന മിസൈൽ സംവിധാനം രാജ്യത്തിന്റെ പ്രതിരോധ ശേഷികളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പാക് -ചൈന
അതിർത്തിയിൽ
കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കാം
പൃഥ്വി മിസൈലിന്റെ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഖര ഇന്ധനം
ഉപയോഗിച്ചുള്ള റോക്കറ്റിൽ പ്രവർത്തനം
പാക്, ചൈന അതിർത്തിയിൽ വിന്യസിച്ചേക്കും
150-500 കിലോമീറ്റർ ദൂരപരിധി
മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാം
500-1,000 കിലോ പോർമുന വഹിക്കും
മാക് 6.1 വേഗതയിൽ കുതിച്ച് ശത്രുവിന്റെ റഡാറുകൾ, കമാൻഡ് സെന്ററുകൾ,
വ്യോമതാവളങ്ങൾ എന്നിവ തകർക്കാനാകും
അന്തരീക്ഷത്തിൽ ഒരു നിശ്ചിത ദൂരം പിന്നിട്ട ശേഷം പാത മാറ്റാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |