ഓട്ടോയിൽ നിറയെ പുസ്തകങ്ങൾവച്ച ഒരു ഓട്ടോക്കാരൻ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ മുംബയിൽ നിന്നുള്ള മറ്റൊരു ഓട്ടോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ ഓട്ടോയിൽ കയറുന്ന യാത്രക്കാർക്ക് ലോട്ടറിയാണ്. കാരണമെന്താണെന്നല്ലേ?
യാത്രക്കാർക്കായി വാട്ടർ ബോട്ടിലും ബിസ്‌കറ്റുമൊക്കെ ഓട്ടോയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 'ഏറ്റവും മികച്ച യാത്ര' എന്ന അടിക്കുറിപ്പോടെ ഒരു യാത്രക്കാരൻ ഓട്ടോയുടെ ചിത്രം റെഡ്ഡിറ്റിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വെള്ളക്കുപ്പികളും ബിസ്‌ക്കറ്റ് പാക്കറ്റുകളും വൃത്തിയായി വച്ചിരിക്കുന്നത് ചിത്രത്തിൽ വ്യകതമാണ്. കൂടാതെ വെള്ളം ഫ്രീയാണെന്നും അതിനുതാഴെ എഴുതിയിട്ടുണ്ട്.
ചിത്രം വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ഡ്രൈവറെ വാനോളം പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'ഈയൊരു പ്രവൃത്തി ചെയ്യാൻ വേണ്ടി അദ്ദേഹം തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു തുക മാറ്റിവയ്ക്കുന്നു. എത്രത്തോളം മഹത്തായ കാര്യമാണിത്. ദാഹിച്ച് വലഞ്ഞിരിക്കുന്നവർക്ക് ഫ്രിയായി വെള്ളം നൽകുകയെന്നത് ചെറിയ കാര്യമല്ല. സ്‌നാക്ക്സ് കഴിച്ചുകൊണ്ട് ആസ്വദിച്ച് യാത്ര ചെയ്യാനും കഴിയും. ഈ ഓട്ടോയിൽ കയറുന്നവർക്ക് ലോട്ടറിയാണ്. ഞാൻ ഈ ഓട്ടോയിൽ കയറുകയാണെങ്കിൽ, വിലപേശാതെ ഡ്രൈവർ ആവശ്യപ്പെടുന്നതെന്തും ഞാൻ കൊടുക്കും, ടിപ്പ് പോലും കൊടുക്കും'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഡ്രൈവർ ആരാണെന്നോ മുംബയിൽ എവിടെയാണെന്നോ വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |