തിരുവനന്തപുരം : ഉല്ലാസയാത്രയെന്ന വ്യാജേന കുട്ടികൾക്കൊപ്പം കാറിൽ കഞ്ചാവ് കടത്തിയ ദമ്പതികളും സുഹൃത്തുക്കളും പിടിയിൽ. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം (35), ഭാര്യ രശ്മി (31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (24), രാജാജി നഗർ സ്വദേശി സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അരക്കിലോ എം.ഡി.എം.എ, ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാൻസാഫ് പൊലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ കോവളം ജംഗ്ഷനിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറീൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്ടിയിലുണ്ടായിരുന്നു. പൊലീസ് പിന്തുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊല്ലം ചാത്തന്നൂരിൽ നിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന കടത്തിയത്. ബംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരിലെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കന്യാകുമാരിയിലെത്തിയ സംഘം അവിടെ നിന്ന് തീരദേശ റോഡു വഴിയാണ് കോവളത്ത് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |