തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലുകൾ ഇനി അപ്രതീക്ഷിതമാകില്ല. നിസാർ ഉപഗ്രഹം വയനാട് ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ വിജയകരമായി വിക്ഷേപിച്ചു. ദുരന്തങ്ങൾ മുൻകൂട്ടിക്കണ്ട് അറിയിക്കാനും അതുവഴി ഭൂമിയിലാകമാനമുള്ള മനുഷ്യരെ സഹായിക്കാനും ഇതിന് കഴിയും. ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എൽ.വി.എഫ് 16 റോക്കറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ഇന്നലെ വൈകിട്ട് 5.40നായിരുന്നു നിസാർ വിക്ഷേപണം.19 മിനിട്ടിനുള്ളിൽ ഭൂമിയിൽ നിന്ന് 743കിലോമീറ്റർ ഉയരത്തിലുളള ഭ്രമണപഥത്തിലെത്തിച്ചു. നാസയുടെയും ഐ.എസ്.ആർ.ഒ യുടെയും സംയുക്താഭിമുഖ്യത്തിൽ 10 വർഷം കൊണ്ടാണ് നിസാർ ഉപഗ്രഹം രൂപകല്പന ചെയ്ത് നിർമ്മിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ ഏറ്റവും ശക്തിയേറിയതും അത്യാധുനികവും ചെലവേറിയതുമായ ഉപഗ്രഹമാണിത്. അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രരംഗത്ത് ഇന്ത്യയുടെയും ഐ.എസ്.ആർ.ഒ യുടെയും സ്ഥാനം ഒരുപടി കൂടി ഉയർത്തുന്നതാണ് നിസാറിന്റെ വിക്ഷേപണവിജയം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 102മത്തെ വിക്ഷേപണമാണിത്. നിസാറിന്റെ പ്രധാന ദൗത്യകാലയളവിൽ പ്രതിദിനം ഏകദേശം 80 ടെറാബൈറ്റ് ഡേറ്റ ലഭിക്കും.ഈ വിവരങ്ങൾ ക്ലൗഡ് വഴി പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാം.
പ്രയോജനം
1. ഉരുൾപ്പൊട്ടലുകൾ, മണ്ണിടിച്ചിലുകൾ,അഗ്നിപർവ്വത വിസ്‌സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ മുൻകൂട്ടിയറിയാം
2. കടലിലെ മാറ്റങ്ങൾ,പുഴകളുടെഒഴുക്ക്,തീരശോഷണം മണ്ണൊലിപ്പ് എന്നിവയുടെ കൃത്യമായകണക്ക് കിട്ടും
3. കാട്ടുതീകൾ,ഹിമാനികളുടെചലനവും,മഞ്ഞുപാളികളുടെ മാറ്റം എന്നിവ തിരിച്ചറിഞ്ഞ് അറിയിക്കും
4. കൃഷിഭൂമിയിലെ മണ്ണിന്റെ ഈർപ്പം,വിളകളുടെ വളർച്ച,വനങ്ങളിലെ പച്ചപ്പിലെ മാറ്റങ്ങൾ എന്നിവ അറിയാനാകും
5. മേഘങ്ങളും മഴയും ഉള്ളപ്പോഴും രാപ്പകൽ ഭേദമില്ലാതെയും വിവരശേഖരണം നടത്തി വിവരങ്ങൾ നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |