ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ട് കേരള എം.പിമാർ. ശൂന്യവേളയിൽ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് വിഷയം ഉന്നയിച്ചത്. ഛത്തീസ്ഗഡ് സർക്കാർ ബജ്‌റംഗ്‌ദളിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഭരണഘടനയെ പിന്തുണയ്‌ക്കാതെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിദ്വേഷ അജണ്ടയ്ക്കായി നിയമം കൈയിലെടുത്ത ആൾക്കൂട്ട ആഖ്യാനത്തെ സാധൂകരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിയും കേരള ബി.ജെ.പിയും ക്രിസ്ത്യാനികളോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലമാകുമ്പോഴാണ് സംഭവം. വാസ്തവത്തിൽ അവരുടെ ഹൃദയങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷമാണെന്ന് തെളിയുന്നു.
അറസ്റ്റ് ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരായ കടുത്ത ആക്രമണവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്ത് അന്യായമായി ജയിലിൽ പാർപ്പിച്ചിരിക്കുന്നത് രാഷ്ട്രീയ വിരോധം തീർക്കാനാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. കന്യാസ്ത്രീകൾക്ക് എതിരെയുള്ള കേസ് എൻ.ഐ.എയ്ക്ക് വിട്ട നടപടി ഗുരുതരമെന്ന് കേരള കോൺഗ്രസ് എം.പി ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജനം തിരിച്ചറിയും: ബ്രിട്ടാസ്
കേരളത്തിലെ ക്രൈസ്‌തവരെ പാട്ടിലാക്കാൻ അരമനകളിൽ കേക്കുമായി കയറിയിറങ്ങുന്ന ബി.ജെ.പിക്കാരെ ജനം തിരിച്ചറിയുമെന്ന് രാജ്യസഭയിൽ സി.പി.എം എം.പി ജോൺ ബ്രിട്ടാസ് പറഞ്ഞു. ആതുര, വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം നടത്തുന്ന ക്രൈസ്‌തവരെ പീഡിപ്പിക്കുന്നത് രാജ്യത്തിന് നല്ലതല്ല. മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, ജെ.പി.നദ്ദ, പിയൂഷ് ഗോയൽ എന്നിവർ കൈസ്‌ത്രവ സ്‌കൂളുകളിലാണ് പഠിച്ചത്.
പ്രതിഷേധിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരള എം.പിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. കെ.സി.വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഹൈബി ഇൗഡൻ, ഡീൻ കുര്യാക്കോസ്, എം.കെ.രാഘവൻ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |