തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കൾ പറയുന്ന വാക്കുകളിലെ ആത്മാർത്ഥത പ്രവൃത്തിയിൽ വരുത്തണമെന്നും,പ്രശ്ന പരിഹാരത്തിനുള്ള ഇഛാശക്തി കാട്ടണമെന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ആറ് ദിവസമായി തുറുങ്കിലടച്ച സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വായ് മൂടിക്കെട്ടി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് പുറമെ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ, മാർത്തോമ്മാ സഭ കൊല്ലം- തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എന്നിവരും മാർച്ചിന് നേതൃത്വം നൽകി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ വൻ പ്രതിഷേധം ഇരമ്പി.വൈദികരും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
രാജ്യത്ത് പിന്നാക്കാവസ്ഥയിലുള്ള പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലെത്തിച്ചത് ക്രൈസ്തവ സഭയിലെ ആയിരക്കണക്കിനുള്ള സന്യാസിനിമാരാണെന്നും അങ്ങനെയുള്ളവരുടെ പ്രവർത്തനങ്ങളെ തുറങ്കിലടച്ച് തളച്ചിടാനാവില്ലെന്നും മാർ ബസേലിയോസ് ക്ളിമീസ്,പറഞ്ഞു.സന്യസ്തരെ ബഹുമാനിക്കുന്ന നാട്ടിൽ ഇപ്പോൾ നടന്നത് ആൾക്കൂട്ട വിചാരണയാണ്. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയില്ലെന്നതിന്റെ പേരിൽ ആഹ്ലാദ പ്രകടനം നടന്നത് ജനാധിപത്യ മതേതര രാജ്യത്തിന് അപമാനകരമാണ്. കന്യാസ്ത്രീകൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്ന് കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷൻ തന്നെ പറഞ്ഞിട്ടുണ്ട്. അത് പരിഗണിച്ചെങ്കിലും അവരെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന്
ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തടവിലാക്കിയിരിക്കുകയാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ.നെറ്റോ പറഞ്ഞു. തീവ്രവാദി സംഘങ്ങളുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾക്കെതിരേ നടന്ന ആൾക്കൂട്ട വിചാരണ ആസൂത്രിതമാണ്. മനുഷ്യക്കടത്തിന് പുതിയ നിർവചനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ ഉള്ളിൽ അമർഷമുണ്ടെങ്കിലും ആത്മസയംമനമാണ് തങ്ങൾ പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡി.സെൽവരാജൻ, മലങ്കരസഭ കുരിയ മെത്രാൻ ആന്റണി മാർ സിൽവാനോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, മോൺ.യൂജിൻ പെരേര, മോൺ.ജോൺ തെക്കേക്കര, മോൺ.വർക്കി ആറ്റുപുറത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |