തലശേരി: നടക്കുന്നതിനിടെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യത്തിൽ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഴീക്കോട് പള്ളിക്കുന്നുമ്പ്രം സ്വദേശി അഷ്റഫ് ക്വാട്ടേഴ്സിൽ സുകേഷിനെയാണ് (36) തലശേരി അഡിഷണൽ ജില്ലാസെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. വളപട്ടണം റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന പെരിയസ്വാമിയാണ് കൊല്ലപ്പെട്ടത്.
രണ്ടാംപ്രതി അഷ്റഫ് ക്വാട്ടേഴ്സിലെ എം. രഞ്ജിത്തിനെ (27) തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു. 2018 ഫെബ്രുവരി 24ന് രാത്രി 10നായിരുന്നു സംഭവം. വളപട്ടണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുകയായിരുന്ന പെരിയസ്വാമിക്കൊപ്പമുണ്ടായിരുന്ന അയ്യാക്കണ്ണിന്റെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു കൊലപാതകം. പെരിയസ്വാമിയെ മർദ്ദിച്ച സുകേഷ് കത്തിയെടുത്തു കുത്തുകയായിരുന്നു. വളപട്ടണം എസ്.ഐയായിരുന്ന ഷാജി പട്ടേരി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസെപ്ക്ടർ എം. കൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |