പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനും പാലക്കാട് നഗരത്തിനും വികസനക്കുതിപ്പേകുന്ന റെയിൽവേ പിറ്റ് ലൈൻ നിർമ്മാണം അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. പാലക്കാട് ടൗൺറെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് സൗകര്യമൊരുക്കുകയും പുതിയ ട്രെയിനുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്ന പദ്ധതി നേരത്തെ കരാറുകാരന്റെ വീഴ്ച മൂലം നിർമ്മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. നിർമ്മാണം വേഗത്തിലായതോടെ അടുത്ത വർഷം ആദ്യം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇവിടെ ട്രെയിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം പാലക്കാട് നിന്ന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുവാനും സാധിക്കും. നഗരത്തിന്റെ വ്യവസായ വാണിജ്യ മേഖലകൾക്കും പദ്ധതി സഹായകരമാകും. കോയമ്പത്തൂർ, പൊള്ളാച്ചി മേഖലകളിൽ നിന്നുള്ള ചരക്കു ഗതാഗതം ശക്തമാകും. പാലക്കാട് വഴി കടന്നുപോകുന്ന കർണാടക, തമിഴ്‌നാട് സർവീസുകൾക്കു നിലവിൽ, സമയബന്ധിതമായ പരിപാലന സൗകര്യം കേരളത്തിൽ ഇല്ലാത്തതു ട്രെയിൻ സർവീസുകളെ ബാധിക്കുന്നുണ്ട്. പല ട്രെയിനുകളും പരിപാലനത്തിനായി മറ്റിടങ്ങളെ ആശ്രയിക്കുന്നതു കുറയുന്നതോടെ സമയക്രമം പാലിക്കാനാകും. പിറ്റ് ലൈനിന്റെ പണികൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ പൂർത്തിയായാൽ മൂന്ന് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയും. മാത്രമല്ല കോയമ്പത്തൂരിൽ നിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്ക് നീട്ടാനും കഴിയും. 67 കോടി രൂപ ചെലവിലാണു പിറ്റ്‌ലൈൻ നിർമ്മാണം നടക്കുന്നത്. റെയിൽവേ കോച്ചുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും നടത്താനുള്ള വർക്ക്‌ഷോപ്പാണ് പിറ്റ്‌ലൈൻ. ട്രെയിൻ പിറ്റ്‌ലൈനിലേക്ക് കയറ്റി നിറുത്തി കേടുപാടുകൾ തീർക്കുകയാണ് പതിവ്. പിറ്റ്‌ലൈൻ ഉണ്ടെങ്കിലേ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാനാകു. കേരളത്തിൽ നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് വലിയ പിറ്റ്‌ലൈൻ ഉള്ളത്. ഷൊർണൂരിൽ 12 കോച്ചുകളുടെ ചെറിയ പിറ്റ് ലൈനാണുള്ളത്. സ്ഥല പരിമിതി കാരണം അതു വികസിപ്പിക്കാൻ കഴയില്ലെന്നാണ് റെയിൽവേ പറയുന്നത്. പാലക്കാട് ഡിവിഷനു കീഴിൽ മംഗളൂരുവിൽ മാത്രമാണ് പൂർണതോതിലുള്ള പിറ്റ്‌ലൈൻ ഉള്ളത്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ് ലൈനിൽ 10 എക്സ‌്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്. നാല് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൂടി നടത്താമെങ്കിലും മതിയായ ജീവനക്കാരി ല്ലാത്തതിൽ പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |