വർക്കല: നാമാവശേഷമായ ചെമ്മരുതി ബ്രാൻഡ് നാടൻ കുത്തരി വീണ്ടും വിപണിയിലെത്തിക്കണമെന്ന് കർഷകർ.2020 സെപ്തംബർ 24നാണ് ചെമ്മരുതി ബ്രാൻഡ് നാടൻ കുത്തരി പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായി വിപണിയിലെത്തുന്നത്. മാസങ്ങൾക്കുള്ളിൽ ബ്രാൻഡ് കുത്തരി വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.
പഞ്ചായത്തിലെ കർഷകരിൽ നിന്ന് കൃഷിഭവൻ വാങ്ങുന്ന നെല്ല് കുടുംബശ്രീ യൂണിറ്റുകൾ തവിട് കളയാത്ത അരിയാക്കിയാണ് ചെമ്മരുതി ബ്രാൻഡ് ലേബലിൽ വിപണിയിലെത്തിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ നെൽക്കൃഷിയുടെ പഴയ പ്രതാപത്തിലേക്ക് പഞ്ചായത്തിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സംരംഭം ആസൂത്രണ വീഴ്ചകൊണ്ടും അലംഭാവം കൊണ്ടുമാണ് തകർന്നത്. സംഭരിക്കുന്ന നെല്ലിന് സിവിൽ സപ്ലൈസ് കർഷകർക്ക് സമയത്ത് പണം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴാണ് കർഷകരെ സംരക്ഷിക്കാൻ പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും ഒന്നിച്ചത്. മായം ചേരാത്ത കുത്തരി ജനങ്ങൾക്ക് ലഭ്യമാക്കുകയായിരുന്നു പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.
കർഷകരിൽ
നിന്ന് സംഭരിച്ച്
17.54 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചെമ്മരുതി പഞ്ചായത്തിൽ 1.26 ചതുരശ്ര കിലോമീറ്ററിലും നെൽവയലുകളാണ്. പഞ്ചായത്തിലെ പനയറ,ചെമ്മരുതി,മുത്താന,മുട്ടപ്പലം,കോവൂർ,പ്രാലേയഗിരി, കൂട്ടപ്പുര എന്നിങ്ങനെ ഏഴ് പാടശേഖരങ്ങളിലായി 126 ഹെക്ടർ പ്രദേശത്താണ് മുൻപ് നെൽക്കൃഷി ചെയ്തിരുന്നത്. കാലക്രമേണ കൃഷി 68ഹെക്ടറിലായി ചുരുങ്ങിയെങ്കിലും 2019ൽ 350 ടൺ നെല്ല് ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നു. രണ്ടാം വിളയിൽ 70 ഹെക്ടറിൽ കൂടി കൃഷി വ്യാപിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതികളും കുടുംബശ്രീ യൂണിറ്റുകളും തൊഴിലുറപ്പ് തൊഴിലാളികളും അഗ്രോ സർവീസ് സെന്ററും കൂട്ടായി പ്രവർത്തിച്ചാണ് ഈ മുന്നേറ്റം സാദ്ധ്യമായത്. വിപണനശൃംഖല മുൻകൂട്ടി ഉറപ്പാക്കാൻ കഴിയാത്തതും തുടർ പ്രവർത്തനങ്ങളിൽ ദിശാബോധം നഷ്ടപ്പെട്ടതും വ്യവസായിക മുന്നേറ്റത്തിന് തടസമായി.
തൊഴിലവസരങ്ങൾ സൃഷ്ടിക്കണം
കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ സഹായകമാകുന്ന വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പദ്ധതി നിലച്ചതോടെ തൊഴിലവസരങ്ങളും നഷ്ടപ്പെട്ടു. കുടുംബശ്രീ യൂണിറ്റുകൾ മറ്റു മേഖലകളിൽ സജീവമായി. പദ്ധതി വീണ്ടും പുനരാംഭിച്ചാൽ തൊഴിൽ മേഖല കൂടുതൽ ശക്തമാകും. കാർഷിക മേഖലയിലുള്ള പുരോഗതി വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |