കോഴിക്കോട്: പത്ത് വീടുകൾക്ക് മുന്നിൽ കോർപ്പറേഷൻ നോട്ടീസ് ഒട്ടിച്ചിരിക്കുകയാണ്. 'സമീപത്തെ കെട്ടിടം അപകടാവസ്ഥയിലാണ്. തത്ക്കാലം ഒഴിഞ്ഞുപോകണം'. പറയാൻ എളുപ്പമാണ്. എങ്ങോട്ടാണ് ഞങ്ങൾ ഒഴിഞ്ഞു പോകേണ്ടതെന്നാണ് 75കാരി ഗംഗാദേവിയുടെ ചോദ്യം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം കോവൂർ പുൽപറമ്പിലെ മൂന്നുനില ഹോസ്റ്റൽ കെട്ടിടമാണ് അപകടാവസ്ഥയിലായത്. പൊളിഞ്ഞുവീണാൽ നിരവധി വീടുകൾക്കും വീട്ടുകാർക്കും നാശം സംഭവിക്കും. അതിനുള്ള അനന്തര നടപടിയായാണ് കോർപ്പറേഷൻ സമീപത്തെ 10 വീടുകൾക്ക് മുന്നിൽ നോട്ടീസ് പതിച്ചത്. ചിലർ ജീവൻ ഭയത്തിൽ വീടുമാറി. മറ്റുള്ളവർക്ക് മാറാൻ ഇടമില്ല. 'വീഴുന്നെങ്കിൽ വീഴട്ടെ, ഇങ്ങനെയാണ് അവസാനമെങ്കിൽ അങ്ങിനെ ആശ്വസിക്കാം'.. സങ്കടം പറയുമ്പോൾ സുമിത്രാ ദേവിയുടെ കണ്ണുകളിൽ ഒരു കടലൊഴുകുന്നുണ്ടായിരുന്നു.
എന്നുപൊളിക്കും കെട്ടിടം..?
കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയരുടെ പേരിലാണ് ജൂലായ് 31ന് വീടുകൾക്ക് മുന്നിൽ പതിച്ച നൊട്ടീസ്. ' മെഡിക്കൽ കോളേജിന് സമീപം കോവൂർ പെട്രോൾ പമ്പിന്റെ വശത്തുകൂടിയുള്ള റോഡിൽ നിന്ന് 150 മീറ്റർ അകലത്തിൽ കെയർ വെൽ എന്ന പേരിലുള്ള കെട്ടിടം ഏതുനിമിഷവും പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. അപകടകരമായ സാഹചര്യത്തിലുള്ള കെട്ടിടത്തിനു സമീപത്തുള്ള താമസക്കാർ അടിയന്തരമായി സുരക്ഷിതസ്ഥാനത്തേക്ക് മാറേണ്ടതാണ്..' എന്നാൽ ഈ നോട്ടീസ് പതിച്ചവർ തങ്ങളെവിടേക്ക് മാറാണം എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് വീട്ടുകാർ. അപകടകരമായ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ച് പരിസരത്തെ വീടുകൾക്ക് സുരക്ഷ ഏർപെടുത്തേണ്ടവർ വീടുവിട്ട് മാറണമെന്ന് നിർദ്ദേശിക്കന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇവർ ചോദിക്കുന്നു. പുൽപറമ്പിൽ ഉണ്ണികൃഷ്ണൻ, പി.സഫ്രീന എന്നിവരാണ് കെട്ടിടത്തോട് ചേർന്ന് വീടുള്ളവർ. ജീവനിൽ ഭയമുള്ളതിനാൽ അവർ ഇന്നലെ മാറി. ബാക്കിയുള്ളവർ പുൽപറമ്പിൽ ഗംഗാദേവി, സുമിത്ത്, പുതുക്കുടി ജയരാജൻ, ചിത്രാംഗദൻ, സജീവൻ കല്യാനത്ത്, സുന്ദർരാജ് പുതിയോട്ടിൽ, ചന്ദ്രശേഖരൻ, പവിത്രൻ തുടങ്ങിയവർ എങ്ങോട്ട് പോകണമെന്നറിയാതെ അങ്കലാപ്പിലാണ്.
'അപകടകരമായൊരു കെട്ടിടത്തിന്റെ പേരുപറഞ്ഞ് ആളുകളോട് വീടുവിട്ട് മാറണമെന്ന് പറയുമ്പോൾ ബദൽ സംവിധാനം ഏർപെടുത്താനുള്ള ബാദ്ധ്യത കോർപ്പറേഷനുണ്ട്. വിഷയം പുറത്തറിഞ്ഞിട്ടും കെട്ടിടം പൊളിക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കെട്ടിടം പൊളിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ മാറാൻ നോട്ടീസ് നൽകിയവർ ബദൽ സംവിധാനം ഏർപെടുത്തണം.
കെ.സി.പ്രവീൺ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്)
'വിഷയം ശ്രദ്ധയിൽ പെട്ടയുടനെ ഇടപെട്ടിട്ടുണ്ട്. അപകടകരമായ കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. അദ്ദേഹമത് കളക്ടർക്ക് കൈമാറിയിട്ടുണ്ട്. കുന്ദമംഗലം സ്വദേശിയായ മൊയ്തീൻഹാജിയും സുഹൃത്തുക്കളുമടങ്ങുന്ന സംഘത്തിന്റെ പേരിലാണ് ബിൽഡിംഗ്. വാടകയ്ക്ക് നൽകുന്ന ഹോസ്റ്റലായിരുന്നു. ഇവിടെ താമസിച്ചുവരുന്ന പെൺകുട്ടികളക്കമുള്ളവരെ മാറ്റിയിട്ടുണ്ട്. മറ്റ് നടപടികൾ ഉടനുണ്ടാവും. ബദൽ താമസ സംവിധാനങ്ങൾ ഒരുക്കേണ്ടത് കോർപറേഷനാണ്.
കെ.മുരളീധരൻ, വില്ലേജ് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |