കാളികാവ്: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വ കാല റെക്കോഡിലെത്തിയതോടെ വ്യാജന്റെ പെരുപ്പം കൂടി.അവസരം മുതലെടുത്ത് വിപണി കീഴടക്കിയ വ്യാജനെതിരെ പരിശോധനയൊ നടപടയോയില്ല. വെളിച്ചെണ്ണയുടെ വില വർദ്ധിച്ചതോടെ കൂടുതൽ പേരും മറ്റു ഭക്ഷ്യഎണ്ണകളലേക്ക് മാറി. പാമോലിൻ, സൺഫ്ളവർ ഓയിലുകളാണ് പലരും ഉപയോഗിക്കുന്നത്. ഇത് കൂടുതലായി ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ വ്യാജനെത്തുന്നത്.സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരശോധന പേരിനു മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ വർഷം ജൂലായ് ഓഗസ്റ്റ് മാസത്തിൽ പച്ച തേങ്ങക്ക് കലോക്ക് 30 രൂപയും വെളിച്ചെണ്ണക്ക് ലിറ്ററിന് 200 രൂപയുമായിരുന്നു വില. ഇപ്പോഴാകട്ടെ നാളകേര വില 90 രൂപയും വെളിച്ചെണ്ണ വില അഞ്ഞൂറിനു മുകളിലുമായി.
ഇത് മുതലെടുത്താണ്ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാജൻ പിടി മുറുക്കിയിട്ടുള്ളത്.സർക്കാർ ബ്രാന്റായ കേര ഫെഡിന്റെ വ്യാജ പേരുപയോഗിച്ച് അമ്പതലേറെ വ്യാജൻമാർ വിപണിയിലുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കൊപ്രക്ക് ഇപ്പോൾ 280 രൂപയാണ് വില.ഈ വിലകൊടുത്ത് കൊപ്ര വാങ്ങി എണ്ണയാട്ടി പാക്ക് ചെയ്ത് വിപണിയിലെത്തിച്ചാൽ 500ൽ കുറഞ്ഞ് വിൽക്കാനാവില്ല. എന്നാൽ 290 മുതൽ 340 വരെയുള്ള പാക്കറ്റ് വെളിച്ചണ്ണയാണ് ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നത്. മില്ലുകളിൽ നിന്ന് നേരിട്ടെടുക്കുന്ന വെളിച്ചെണ്ണക്ക് 450ന് മുകളിൽ വില കൊടുക്കണം.നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വ്യാപകമായി കേരള വിപണിയിലെത്തിച്ച് നിശ്ചിത അളവിൽ മായം ചേർക്കപ്പെടുന്നതിനാൽ സാധാരണ നിലയിലുള്ള ഒരു പരിശോധനയിലും വ്യാജനെ തിരിച്ചറിയാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |