പത്തനംതിട്ട: ജലസ്രോതസുകളും സംഭരണികളും കണ്ടെത്തുന്നതിന് ആരംഭിച്ച വിവര ശേഖരണമായ ജല ബഡ്ജറ്റ് പദ്ധതിക്ക് വേഗതയില്ല. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതിയെപ്പറ്റി ആലോചന പോലും നടന്നിട്ടില്ല. കൃഷി, ജലസേചന വകുപ്പുകളെ ഏകോപിപ്പിച്ച് ഹരിതകേരളം മിഷനാണ് ബഡ്ജറ്റ് തയ്യാറാക്കുന്നത്. പഞ്ചായത്ത് തലങ്ങളിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണക്കുറവും ആവശ്യത്തിന് വോളണ്ടിയർമാർ ലഭ്യമല്ലാത്തതും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിക്ക് തടസങ്ങളാകുന്നു. കടുത്തവരൾച്ച നേരിടുന്ന ഗ്രാമ പഞ്ചായത്തുകളുടെ ഭരണസമിതികൾ നദികൾ, തോടുകൾ, തണ്ണീർത്തടങ്ങൾ കുളങ്ങൾ എന്നിവയുടെ വിവരം ഹരിതകർമ്മ സേനയ്ക്ക് കൈമാറിയിട്ടുണ്ട്.2017ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ നിറുത്തിവച്ച പദ്ധതി 2022ൽ പുനരാരംഭിച്ചു.
വരൾച്ചയെ തുടർന്നുണ്ടാകുന്ന ജലക്ഷാമവും കൃഷിനാശവും നേരിടുന്ന സ്ഥലങ്ങൾ സന്ദർശിച്ചാണ് ജല ബഡ്ജറ്റ് തയ്യാറാക്കുന്നത്.
രാജ്യത്ത് ആദ്യമായി ജല ബഡ്ജറ്റ് പദ്ധതി നടപ്പാക്കിയത് കണ്ണൂർ ജില്ലയിലെ പെരിങ്ങര പഞ്ചായത്താണ്. സംസ്ഥാനത്ത് ഇതുവരെ 218 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ജല ബഡ്ജറ്റ് തയ്യാറാക്കിയത്.തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ പദ്ധതിയുടെ അൻപത് ശതമാനം കടന്നു. കേരളത്തിൽ മുപ്പത്തഞ്ച് ശതമാനമാണ് പിന്നിട്ടത്.
ലക്ഷ്യമിട്ടത് ജലലഭ്യത
വരൾച്ചക്കാലത്ത് കൃഷിക്കും കിണറുകളിലും ജലം ഉറപ്പാക്കുക. കാലവർഷത്തിന് മുമ്പ് ജലസേചന ക്രമീകരണം. വെള്ളം കുറഞ്ഞ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ. ജലസ്രോതസുകളുടെ കണക്കെടുപ്പ്. ഭൂഗർഭജലത്തിന്റെ ഉറവകൾ കണ്ടെത്തുക. കൃഷി, മഴയുടെ ലഭ്യത എന്നിവയുടെ വിവരശേഖരണം എന്നിവയാണ് ആദ്യഘട്ടം. ഒരു പ്രദേശത്തെ നദി, തോടുകൾ, കുളം, കിണർ തുടങ്ങിയവയുടെ വിവര ശേഖരണമാണ് ആദ്യഘട്ടം. ജല ലഭ്യത ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കും.
@ വിവര ശേഖരണത്തിന് സഹകരിച്ചത് ജില്ലയിലെ 11 പഞ്ചായത്തുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |