ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി പൂക്കാലത്തിലെ വിജയരാഘവൻ അവസാന ഘട്ടംവരെ മത്സരിച്ചെന്ന് കേരളത്തിൽ നിന്നുളള ജൂറി അംഗം പ്രദീപ് നായർ.വിജയരാഘവന്റേത് നായക പ്രാധാന്യമുള്ള കഥാപാത്രവും മികച്ച പ്രകടനവുമായിരുന്നു.അവസാന ഘട്ടത്തിൽ 12ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിക്കിനെയും ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാനെയും ഭൂരിപക്ഷ പിന്തുണയിൽ തിരഞ്ഞെടുത്തു.ഉള്ളൊഴുക്കിൽ ഉർവശിയുടേത് നായിക കഥാപാത്രം അല്ലെന്ന് വിലയിരുത്തിയാണ് സഹനടിക്കുള്ള അവാർഡ് നൽകിയത്.
മികച്ച നടിക്കുള്ള അവാർഡിന് യോഗ്യത ഉണ്ടായിരുന്നെങ്കിലും പാർവതി അവതരിപ്പിച്ച കഥാപാത്രത്തിന് പിന്തുണ നൽകുന്ന സഹകഥാപാത്രമായാണ് ഉർവശിയുടെ കഥാപാത്രത്തെ പരിഗണിച്ചത്.തന്റേത് നായിക കഥാപാത്രമാണെന്ന് ഉർവശ്ശി പറഞ്ഞത് വിവാദമായിരുന്നു.
പാർവതിയുടെ അഭിനയവും പരിഗണിച്ചു.എന്നാൽ മിസിസ് ചാറ്റർജി വേഴ്സസ് നോർവെയിലെ റാണി മുഖർജിക്കായിരുന്നു ഭൂരിപക്ഷ പിന്തുണ.ഉള്ളൊഴുക്കിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ പേരുകൾ മികച്ച സംവിധായകൻ നവാഗത സംവിധായകൻ എന്നീ വിഭാഗങ്ങളിൽ പരിഗണിച്ചു.മികച്ച സിനിമ,തിരക്കഥ,ഛായാഗ്രഹണ വിഭാഗങ്ങളിലും ഉള്ളൊഴുക്ക് മത്സരത്തിനുണ്ടായിരുന്നു.ഓ ബേബി,കാതൽ,തടവ്,ജനനം 1947 പ്രണയം തുടരുന്നു തുടങ്ങിയ മലയാള സിനിമകളും കേന്ദ്ര ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു.
പ്രാദേശിക ജൂറി തഴഞ്ഞ ചിലത് കേന്ദ്ര ജൂറി വിളിച്ചു വരുത്തുകയായിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട ആടു ജീവിതം ഒരു വിഭാഗത്തിലും പരിഗണിച്ചില്ല.ചിത്രത്തിൽ പൃഥ്വീരാജിന്റെ അഭിനയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.'പെരിയോനെ' എന്ന ഗാനം ജൂറി അംഗം പ്രദീപ് പരിഭാഷപ്പെടുത്തി കേൾപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.പരിസ്ഥിതി, സാമൂഹിക പ്രസക്തി,കുട്ടികളുടെ സിനിമ,അനിമേഷൻ വിഭാഗത്തിൽ മലയാളം വന്നില്ല.
കേരളാ സ്റ്റോറിക്ക് വിയോജിപ്പ്
വിവാദ ചിത്രം കേരളസ്റ്റോറിക്ക് മികച്ച സംവിധായകനും ഛായാഗ്രാഹകനുമുള്ള അവാർഡ് നൽകുന്നതിൽ ചില ജൂറി അംഗങ്ങൾ വിയോജിച്ചു.എന്നാൽ ചർച്ചകളിൽ ഭൂരിപക്ഷ അഭിപ്രായമാണ് പരിഗണിച്ചത്.കാലാനുസൃതമായ വിഷയമാണ് ചിത്രത്തിന്റേതെന്ന് ജൂറി അദ്ധ്യക്ഷൻ അശുതോഷ് ഗൊവാരിക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |