തൃശൂർ: കോർപറേഷൻ ക്ലീൻ സിറ്റി പ്രഖ്യാപനവും ജില്ലയിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ വ്യാപകമായി ബോധവത്കരണവും നടക്കുമ്പോഴും നിർബാധം മാലിന്യം വലിച്ചെറിയുന്നുവെന്നതിന്റെ തെളിവായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴയടപ്പിച്ച ജില്ലയായി തൃശൂർ. ഏഴ് മാസത്തിനുള്ളിൽ ഒരു കോടിയിലേറെ രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. വാർഡ് തലങ്ങളിൽ ഹരിതകർമ്മ സേനകളും മറ്റും മാലിന്യം ശേഖരിക്കാൻ കൃത്യമായി എത്തുന്നുണ്ടെങ്കിലും പലരും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഏറിവരികയാണ്. തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് മാലിന്യം കിടക്കുന്നത്. ആയിരക്കണക്കിന് പേർ എത്തുന്ന ശക്തൻ സ്റ്റാൻഡിൽ ചാക്കുകളിലും മറ്റുമാണ് മാലിന്യം. സ്റ്റാൻഡിലെ ശൗചാലയത്തിന് അടുത്തേക്ക് മൂക്കു പൊത്താതെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. പല വഴിക്കാണ് മാലിന്യം ഒഴുകുന്നത്.
പരിശോധന നടത്തിയത് 19,599 സ്ഥലങ്ങളിൽ
19,559 പരിശോധനകളിലായി എൻഫോഴ്‌സ്‌മെന്റ് സ്‌കോഡുകളും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിൽ 4210 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ നിന്നാണ് ഒരു കോടിയിലേറെ രൂപ പിഴയായി ചുമത്തിയിക്കുന്നത്. കണ്ടെത്തി ഫൈൻ ഈടാക്കി. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സ്ആപ്പ് നമ്പർ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളിൽ 677 പരാതികളിൽ 655 പരാതികളും തീർപ്പാക്കി. ജില്ലയിൽ കൂടുതൽ വേസ്റ്റ് ഉത്പാദിപ്പിക്കുന്ന 1221 സ്ഥാപനങ്ങൾ പരിശോധിക്കുകയും 459 സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രാദേശിക തലങ്ങളിൽ പോലും മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ മറികടന്നാണ് മാലിന്യം വലിച്ചെറിയുന്നത്.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുസ്ഥല മലിനീകരണം, ജലാശയ മലിനീകരണം, മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ, മലിനജലം പൊതുസ്ഥലത്ത് ഒഴുക്കൽ, മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.
നിയമലംഘനങ്ങൾ അറിയിക്കാൻ
9446700800
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |