കോഴഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട് കാഞ്ഞിരപ്പാറ ആഞ്ഞാനിക്കൽ ബ്യൂട്ടിപാർലർ ജീവനക്കാരി ശാരിമോൾ (ശ്യാമ- 35 ) ആണ് മരിച്ചത്. അക്രമം തടയാൻ ശ്രമിച്ച ശാരിയുടെ അച്‌ഛൻ ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം ശാരിയുടെ ഭർത്താവ് കവിയൂർസ്വദേശി അജികുമാർ (38) ഓടിരക്ഷപ്പെട്ടു .
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ശാരിയും അജികുമാറും തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച മദ്യപിച്ചെത്തിയ അജി വഴക്കിനിടയിൽ ശാരിയെ കത്തി ഉപയോഗിച്ച് കുത്തി. നിലവിളി കേട്ട് അടുത്തമുറിയിൽ നിന്നെത്തിയ ശശിക്ക് തടസംപിടിക്കുന്നതിനിടയിലാണ് കുത്തേറ്റത്. അടുത്തവീട്ടിൽ താമസിക്കുകയായിരുന്ന ശശിയുടെ സഹോദരി രാധാമണി ബഹളംകേട്ട് ഓടിയെത്തി. ഇവരെയും കുത്തിശേഷം അജികുമാർ സ്ഥലത്തുനിന്ന് കടന്നു. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു.
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ശാരി മരിച്ചു.
കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി. അജികുമാർ വെൽഡിംഗ് തൊഴിലാളിയാണ്. മക്കൾ: ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആവണി , മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി വേണി, എൽ- കെ. ജി വിദ്യാർത്ഥിനി ശ്രാവണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |