ടെൽ അവീവ്: ഗാസയിലേക്ക് ഇസ്രയേലിന്റെ അനുമതിയോടെ ഫ്രാൻസ് ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്തു തുടങ്ങി. 40 ടൺ മാനുഷിക സഹായം നാല് വിമാനങ്ങളിൽ നിന്നായി പാരഷൂട്ട് വഴി ഗാസയിലെ പ്രദേശങ്ങളിലേക്ക് ഇറക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. പട്ടിണിയിലൂടെ നീങ്ങുന്ന ഗാസയിലെ സഹായ വിതരണത്തിന് പൂർണമായ പ്രവേശനം അനുവദിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ജോർദ്ദാൻ, യു.എ.ഇ എന്നിവർ ഈ ആഴ്ചയുടെ തുടക്കം മുതൽ ഗാസയിൽ സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്ത് തുടങ്ങിയിരുന്നു. അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ ഗാസ സന്ദർശിച്ചു. റാഫയിൽ യു.എസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സഹായ സംഘടനയുടെ കേന്ദ്രത്തിലാണ് വിറ്റ്കോഫ് എത്തിയത്. യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെത്തിയ യു.എസിന്റെ ഉന്നത ഉദ്യോഗസ്ഥനാണ് വിറ്റ്കോഫ്.
ഇദ്ദേഹം മടങ്ങി മണിക്കൂറുകൾക്കകം സഹായ കേന്ദ്രത്തിന് സമീപം മൂന്ന് പാലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നെന്ന് ഹമാസ് ആരോപിച്ചു. മേയ് മുതൽ സഹായം വാങ്ങാനെത്തിയ ആയിരത്തിലേറെ പാലസ്‌തീനികൾ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) കണക്ക്. അതേ സമയം, ഇന്നലെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 40ഓളം പേർ കൊല്ലപ്പെട്ടു. ആകെ മരണം 60,330 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |