അമ്പലവയൽ: അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം (ആർ.എ.ആർ.എസ്) നേട്ടങ്ങളുടെ നെറുകയിൽ. കാർഷിക വിളകളിൽ പുത്തൻ പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അവക്കാഡോ (ബട്ടർ ഫ്രൂട്ട് അഥവാ വെണ്ണപഴം) യിൽ ദേശീയ സെമിനാർ നടത്തിയാണ് കേന്ദ്രം കർഷകർക്ക് പുതിയ പ്രത്യാശ നൽകുന്നത്. കാർഷിക ഗവേഷണ കേന്ദ്രം തുടങ്ങിയത് നാലര പതിറ്റാണ്ട് മുമ്പാണ്. നെല്ല്, കുരുമുളക്, കാപ്പി, മറ്റ് കിഴങ്ങുവിളകൾ, പച്ചക്കറികൾ എന്നിവ വയനാടാൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി, ഇതിൽ പരീക്ഷണങ്ങൾ നടത്തി പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത് കർഷകർക്ക് നൽകി. പന്നിയൂർ 9, പന്നിയൂർ 10 എന്നീ കുരുമുളക് ഇനങ്ങളുടെ പരീക്ഷണവും റോബസ്റ്റ, കാപ്പി, പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയിലും പരീക്ഷണങ്ങൾ നടത്തി.
അവക്കാഡോയാണ് താരം
വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിയാണ് അവക്കാഡോ. ബ്രീട്ടീഷുകാരണ് ഇത് കണ്ടുപിടിച്ചത്. 1947ന് മുമ്പ് തന്നെ വയനാട്ടിൽ അവക്കാഡോ കൃഷിചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. നാലിനം അവക്കാഡോകളാണ് ഇപ്പോൾ സുലഭമായിട്ടുള്ളത്. ഇതിൽ ഓയിൽ കണ്ടന്റും രൂചിയും കൂടുതലുള്ള ഇനത്തിനാണ് കൂടുതൽ മാർക്കറ്റിംഗ് സാദ്ധ്യത. എന്നാൽ വയനാടൻ അവക്കാഡോയ്ക്കാണ് കേരളത്തിന് പുറത്ത് ഡിമാന്റ്. വയനാടൻ അവക്കാഡോ ബ്രാന്റ് ഉത്പ്പന്നമാക്കി മാറ്റുന്നതിനുള്ള നീക്കം ആർ.എ.ആർ.എസ് ആരംഭിച്ചു.
സസ്യങ്ങളിൽ പരീക്ഷണം
ഔഷധ സസ്യങ്ങളുടെ പരീക്ഷണം, ട്രൈക്കോഡെർമ, കുരുമുളകിന്റെ വിയറ്റ്നാം മോഡൽ പരീക്ഷണം, കാപ്പികൂട്ട് (പാനകം) എന്നിവയിലും പരീക്ഷണം നടക്കുന്നുണ്ട്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിൽ 112 ഇനം നെൽവിത്തുകളിൽ പരീക്ഷണ നിരീക്ഷണം നടത്തി. ഇതിലാണ് വയനാടിന്റെതായി സ്വന്തമായി വികസിപ്പിച്ചെടുത്ത ദീപ്തി നെൽവിത്ത്. ജീരകശാല, ഗന്ധകശാല തുടങ്ങിയ ഔഷധഗുണമുള്ള നെൽവിത്തിനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നു.
കാർഷിക ഗവേഷണ കേന്ദ്രത്തിൽ അപൂർവങ്ങളായ ഡാലിയായും അഞ്ഞൂറോളം റോസാപൂക്കളും ഓർക്കിഡുകളുടെയും അപൂർവ ശേഖരവുമുണ്ട്. ഇവ കാണുന്നതിനായി എല്ലാ ദിവസവും സൗകര്യം ഒരുക്കുന്നുണ്ട്. 15 ദിവസം നീണ്ടുനിൽക്കുന്ന പൂപ്പൊലി (ഫ്ളവർഷോ)യും എല്ലാ വർഷവും നടത്തുന്നു.
വേണം ഈ സൗകര്യങ്ങളും
സ്ഥിരവും താത്ക്കാലികവുമായി 798 തൊഴിലാളികളുണ്ട്. 26 ശാസ്ത്രജ്ഞർ വേണ്ടിടത്ത് സ്ഥാപന മേധാവിയായ എ.ഡി.ആർ അടക്കം 13 ശാസ്ത്രജ്ഞരാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളും പരിമിതം. കാർഷിക കോളേജിന് ലാബ് സൗകര്യമില്ലാത്തതിനാൽ ആർ.എ.ആർ.എസിന്റെ ലാബാണ് ഉപയോഗിക്കുന്നത്.
''വയനാടിന്റെ കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന വ്യതിയാനമാണ് പലകാർഷിക വിളകൾക്കും ഭീഷണിയായി മാറികൊണ്ടിരിക്കുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റമാണ് ഇപ്പോൾ ഇഞ്ചിയുൾപ്പെടെയുള്ള കിഴങ്ങുവിളകൾക്ക് കേട് പിടിക്കാൻ കാരണം. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഗവേഷണ കേന്ദ്രത്തിലൂടെ നടപ്പിലാക്കുന്നത്.''
ഡോ.സി.കെ.യാമിനി വർമ്മ, അസോസിയേറ്റ് ഡയറക്ടർ, കാർഷിക കോളേജ് ഡീൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |