കൊച്ചി: എറണാകുളം നഗരത്തെ വൈപ്പിൻ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങൾ യാഥാർത്ഥ്യമാക്കാനായുള്ള പരിശ്രമത്തിൽ തിരു-കൊച്ചി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പന്റെ പിൻഗാമിയാകാനുള്ള ദൗത്യം പ്രിയശിഷ്യൻ എം.കെ. സാനുവിന് ലഭിച്ചത് യാദൃച്ഛികം.
1987ൽ എറണാകുളത്തു നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗോശ്രീ പാലങ്ങൾക്കുവേണ്ടി പ്രൊഫ.എം.കെ. സാനു നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:
''ഐക്യകേരളം പിറക്കുന്നതിനുമുമ്പ് ഇത്തരമൊരു പാലത്തിനുവേണ്ടി ആദ്യമായി ശബ്ദിച്ചത് തിരു-കൊച്ചിയിലെ പൊതുമരാമത്ത് മന്ത്രി സഹോദരൻ അയ്യപ്പനാണ്. വിദഗ്ദ്ധസമിതി രൂപീകരിച്ച് മൂന്ന് പാലങ്ങളുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരം വാങ്ങി ടെൻഡർ നടപടികൾ വരെ പൂർത്തിയാക്കിയ ശേഷം 1949ൽ
അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. താൻ പിരിഞ്ഞാലും പാലങ്ങളുടെ പണി പൂർത്തിയാക്കി എറണാകുളം നഗരത്തെ മുളവുകാട്, വല്ലാർപാടം, വൈപ്പിൻ ദ്വീപുകളുമായി ബന്ധപ്പെടുത്തുമെന്ന് അയ്യപ്പനും ജനങ്ങളും വിശ്വസിച്ചു. എന്നാൽ അന്നത്തെ മന്ത്രിസഭ ആ പദ്ധതി തുടർന്നില്ലെന്നു മാത്രമല്ല തുക വകമാറ്റുകയും ചെയ്തു. അങ്ങനെയാണ്, 'അധരപുടങ്ങളോടടുത്ത പാനഭാജനം താഴെ വീണ് തകർന്നതുപോലെ", ഒരു ജനതയുടെ സ്വപ്നം തകർന്നത്. എങ്കിലും മുളവുകാട്, വല്ലാർപാടം, വൈപ്പിൻ ദ്വീപുകളിലെ ജനങ്ങൾ സ്വപ്നം ഉപേക്ഷിച്ചില്ല. ആ സ്വപ്‌നം ജനഹൃദയങ്ങളിൽ പൂർവ്വാധികം തീവ്രമാവുകയാണുണ്ടായത്. സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയുള്ള തീവ്രമായ അഭിനിവേശത്താൽ അവർ നിരവധി സമരങ്ങൾ നടത്തി. ആ സമരങ്ങളിൽ പങ്കെടുത്തയാളാണ് ഞാനും. കായലിൽ വള്ളങ്ങൾ പരസ്പരം ബന്ധിപ്പിച്ചുണ്ടാക്കിയ ചങ്ങാടത്തിൽ എന്റെ സഹോദരങ്ങളായ വൈപ്പിൻ ജനത നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ ആവേശത്തോടെയാണ് സഭയിൽ ഈ നിവേദനം സമർപ്പിക്കുന്നത്. അംഗീകരിക്കുമാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |