കൊച്ചി: ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള പ്രൊഫ.എം.കെ. സാനുവിന് ജീവനായിരുന്നു എറണാകുളം മഹാരാജാസ് കോളേജ്. 1956 മുതൽ 82-83 കാലത്ത് വി.ആർ.എസ് എടുക്കുന്നത് വരെ മാത്രമായിരുന്നില്ല അത്. അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പു വരെ മഹാരാജാസിനെ നെഞ്ചോട് ചേർത്തു. അവിടെയെത്തുമ്പോൾ
അവശതകളെല്ലാം മറക്കുമെന്നാണ് മാഷിന്റെ പക്ഷം.
2025 ജനുവരി 23ന് അദ്ധ്യാപകനായി വീണ്ടും കോളേജിലെത്തി. കാൽ നൂറ്റാണ്ടിലേറെ ലക്ചററായിരുന്ന മലയാളം വിഭാഗം മൂന്നാം വർഷ ക്ലാസ് മുറിയിൽ അദ്ധ്യാപക വേഷമണിഞ്ഞു. പതിറ്റാണ്ടുകൾക്ക് മുൻപ് ബി.എ, എം.എ ക്ലാസുകളിൽ മാഷിനെ ശ്രദ്ധയോടെ കേട്ടവർ വീണ്ടും ആ വാക്കുകൾക്ക് കാതു കൂർപ്പിച്ചു. വീണ പൂവും ലീലയും നളിനിയും കരുണയുമെല്ലാം ഉദ്ധരിച്ച് കുമാരനാശാൻ കവിതകളിലെ കാവ്യ സങ്കല്പങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്.
മഹാരാജാസിന്റെ ഓട്ടോണമസ് പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ മാഷ് നേരിട്ട് ഇടപെട്ടത് ഓർക്കുമ്പോൾ അഭിമാനമെന്ന് പ്രിൻസിപ്പൽ ഡോ. ഷജില ബീവി പറഞ്ഞു. അന്ന് കേന്ദ്രമന്ത്രിമാരെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയുമെല്ലാം നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് പ്രശ്‌നപരിഹാരം തേടി . ഓട്ടോണമസ് പദവി തുടരുമെന്ന് അറിഞ്ഞപ്പോൾ ആദ്യം വിളിച്ചറിയിച്ചത് മാഷിനെയാണ്.അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം വീട്ടിലേക്ക് ചെല്ലുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നുവെന്ന് മലയാള വിഭാഗം അദ്ധ്യക്ഷ സുമി ജോയി ഒലിയപ്പുറം പറഞ്ഞു.
രാഷ്ട്രീയം മറന്ന
മഹാരാജാസ്
1987ൽ നിയമസഭയിലേക്ക് എം.കെ. സാനു മത്സരിക്കുമ്പോൾ ഇടതു-വലതു രാഷ്ട്രീയം മറന്ന് മഹാരാജാസൊന്നാകെ മാഷിനു വേണ്ടി വോട്ടു തേടി രംഗത്തിറങ്ങി. മുൻ വർഷങ്ങളിലെ കലാ പ്രതിഭകളും പൂർവ വിദ്യാർത്ഥികളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ പാട്ടും നൃത്തവും പ്രസംഗങ്ങളുമായി എറണാകുളം നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |