കൊച്ചിയുടെ ജനകീയമുഖമായിരുന്നു സാനു മാഷ്. എറണാകുളം പബ്ളിക് ലൈബ്രറി, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ചാവറ കൾച്ചറൽ സെന്റർ തുടങ്ങിയ വേദികളെ പ്രൗഢഗംഭീരമായ പ്രഭാഷണത്തിലൂടെ അദ്ദേഹം കീഴടക്കി. കല, സാഹിത്യം, ചരിത്രം, സംഗീതം, സാംസ്കാരികം തുടങ്ങി എല്ലാ വിഷയങ്ങളെയും കുറിച്ച് ആധികാരികമായി സംസാരിച്ചു. ചെറുതും വലുതുമായ ചടങ്ങുകളിലെല്ലാം മുഖ്യപ്രഭാഷകനായി.
അദ്ധ്യാപനവും എഴുത്തും കഴിഞ്ഞാൽ മാഷ് എക്കാലവും പ്രാധാന്യം കൊടുത്തിരുന്നത് പ്രഭാഷണങ്ങൾക്കാണ്. ദിവസേന പത്തു യോഗങ്ങളിൽ വരെ പങ്കെടുത്ത കാലമുണ്ട്. 'നാട്ടുകാരുടെ മാഷ്" എന്ന് ഉറ്റവർ പരിഭവിച്ചപ്പോഴും അതെല്ലാം അവഗണിച്ച് പൊതുജനങ്ങളോട് അദ്ദേഹം സംവദിച്ചു കൊണ്ടിരുന്നു. ആരോടും 'നോ" പറയാൻ കഴിയാത്തതാണ് അച്ഛന്റെ ദൗർബല്യമെന്ന് പറഞ്ഞിരുന്ന മക്കൾ ഒടുവിൽ അച്ഛനാണ് ശരിയെന്നു സമ്മതിച്ചു. അത്രമാത്രം സ്നേഹാദരങ്ങളാണ് പൊതുജനങ്ങളിൽ നിന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് മാഷ് പ്രസംഗവേദിയിലെത്തിയത്. മനോഹരമായ പ്രഭാഷണങ്ങളിലൂടെ മഹത്തായ ആശയങ്ങളെ അനേകായിരം ജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസംഗത്തിന്റെ തുടക്കകാലത്തു തന്നെ കെ.ബാലകൃഷ്ണൻ, ആർ.സുഗതൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയ പ്രഗത്ഭൻമാരുടെ പ്രശംസ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായി.
കൊവിഡിലും തളരാതെ
കൊവിഡ് കാലത്ത് പ്രസംഗത്തിന് താത്കാലിക അവധി നൽകി അദ്ദേഹം വീട്ടിൽ ഇരുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. കൊവിഡ് കാല ഇളവുകൾ വന്നതോടെ പ്രായത്തിന്റെ അസ്കിതകൾ മറന്ന് പൊതുപരിപാടികളിൽ വീണ്ടും സജീവമായി. തന്നിലെ അദ്ധ്യാപകൻ സജീവമാകുന്നത് പ്രസംഗങ്ങളിലൂടെയാണെന്ന് മാഷ് വിശ്വസിച്ചു. എഴുത്തിനു ചെയ്യാൻ കഴിയാത്തത് പറയുമ്പോൾ സാധിക്കും എന്നായിരുന്നു നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |