തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രപരമായ മഹത്വം തകർക്കാൻ ചിലർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രത്തിന് ദേശീയ പുരസ്‌കാരം നൽകിയത് കലയ്ക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ല. കേരള ഫിലിം പോളിസി കോൺക്ലേവ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ചലച്ചിത്രം അംഗീകരിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമാണ് ഈ സിനിമയ്ക്ക് ലഭിച്ച ദേശീയ അവാർഡ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് അപമാനിക്കപ്പെട്ടത്.
കലയെ വിലയിരുത്തുന്നതിന് കലയ്ക്കപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത്, വർഗീയതയെ പകരം വയ്ക്കുന്നതിന് കലയെ ഉപയോഗിക്കണം എന്ന സന്ദേശമാണ് ഇതിനുപിന്നിൽ. സിനിമയുടെ പേരു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദേശീയ അവാർഡ് പ്രഖ്യാപിച്ച വെള്ളിയാഴ്ച പുറത്തിറക്കിയ മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും സിനിമയുടെ പേര് പരാമർശിച്ചിരുന്നില്ല.
മലയാള സിനിമ മഹത്വമാർജിച്ചത് മണ്ണിനോടും മനസിനോടും മാനവികതയോടും മതനിരപേക്ഷ ജീവിതക്രമത്തോടും ചേർന്നുനിന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അടിത്തറയാണ് ആക്രമിക്കപ്പെടുന്നത്. ദേശീയ അവാർഡിന് അർഹമായ ഈ ചിത്രം വ്യാജ നിർമിതികൾ കൊണ്ട് കേരളത്തെ മോശമായി ചിത്രീകരിക്കുന്നു. ലോകമറിയുന്ന കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കൂടുതൽ തെളിഞ്ഞുവരുമ്പോൾ അതിനെ വക്രീകരിക്കാനും സ്പർദ്ധ വളർത്താനുമായി ഉപയോഗിക്കുന്നത് ചർച്ചയാവണം. മലയാള ചലച്ചിത്ര മേഖലയ്ക്ക് അർഹമായ തോതിൽ അംഗീകാരം ലഭിച്ചില്ലെന്നത് കോൺക്ലേവിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |