ആലപ്പുഴ: പ്രവർത്തനമേഖലയും താമസവും കൊച്ചിയിലാണെങ്കിലും എം.കെ.സാനു തികഞ്ഞ ആലപ്പുഴക്കാരനാണ്. ശ്രീനാരായണഗുരു എത്തിയ വീടും അച്ഛൻ പറഞ്ഞുകൊടുത്ത ഓർമ്മകളുമെല്ലാം അദ്ദേഹം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ടായിരുന്നു.1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ മംഗലത്ത് എം.സി.കേശവന്റെയും കെ.പി.ഭവാനിയുടെയും ഏക മകനായാണ് എം.കെ.സാനുവിന്റെ ജനനം. അക്കാലത്തെ ഓടിട്ട വീടുകളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. വിദ്യാഭ്യാസം ആരംഭിച്ചത് നാട്ടിലെ കുടിപ്പള്ളിക്കൂടത്തിൽ. തുടർന്ന് കാഞ്ഞിരംചിറയിലെ 'കണ്ടയാശാന്റെ സ്‌കൂൾ" എന്ന് പേരുള്ള വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്നു. അദ്ധ്യാപകനായ ആർ.സുഗതൻ, അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുകൂടിയായിരുന്നു. പത്താം ജന്മദിനത്തിൽ അച്ഛൻ നൽകിയ സമ്മാനം ടോൾസ്റ്റോയിയുടെ 23 കഥകളുടെ സമാഹാരം. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ നിന്ന് ഇ.എസ്.എസ്.എൽ.സി (ഇംഗ്ലീഷ് സ്‌കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്) വിജയിച്ചു. ഈ സമയത്താണ് അച്ഛൻ മരിച്ചത്.
പഠനത്തിൽ മികവ് പുലർത്തിയ സാനുവിനെ വലിയച്ഛനാണ് കോളേജിൽ ചേർത്തത്. 16 -ാം വയസിൽ എം.കെ.സാനു തിരുവനന്തപുരം ഹിസ് ഹൈനസ് മഹാരാജാസ് കോളേജ് എന്ന ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. പഠനം പൂർത്തിയാക്കി വളഞ്ഞവഴി സന്മാർഗ ദീപിക ഇംഗ്ലീഷ് മിഡിൽ സ്‌കൂളിൽ അദ്ധ്യാപകനായി. 30 രൂപയായിരുന്നു മാസ ശമ്പളം. ഒരുവർഷത്തിനു ശേഷം ആലപ്പുഴ എസ്.ഡി കോളേജിൽ ബി.എസ്സി സുവോളജിക്ക് ചേർന്നു. പിന്നീട് വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകനായ ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ എം.എ മലയാളത്തിന് ചേർന്നു. അത് പാസായതോടെ കൊല്ലം എസ്.എൻ കോളേജിൽ മലയാളം വിഭാഗം ലക്ചററായി. തുടർന്നാണ് എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |