കൊല്ലം: കൊല്ലം പോർട്ടിനെ പ്രതിസന്ധിയിലാക്കി ഇവിടുത്തെ എം.ടി മലബാർ ടഗ്ഗ് സ്വകാര്യ ഏജൻസികൾക്ക് പാട്ടത്തിന് നൽകാൻ നീക്കം. ടഗ്ഗ് നഷ്ടമായാൽ തീരക്കടലിൽ എത്തുന്ന യാനങ്ങൾ കൊല്ലം പോർട്ടിലേക്ക് എത്തിക്കുന്നത് വൈകും. കൊല്ലം പോർട്ടിൽ ടഗ്ഗ് കൂടി ഉള്ളതുകൊണ്ടാണ് അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ പോകുന്ന യാനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ കൊല്ലം പോർട്ടിൽ അടുക്കാൻ ശ്രമിക്കുന്നത്.
ആഴം കുറഞ്ഞ തീരക്കടലിലൂടെ കൊല്ലം പോർട്ടിലെ വാർഫിലെത്തണമെങ്കിൽ ടഗിന്റെ സഹായം വേണം. ഇതിന് പുറമെ മടങ്ങുമ്പോൾ ആഴം കൂടിയ ഭാഗം വരെ യാനങ്ങൾ കെട്ടിവലിച്ച് കൊണ്ടുപോകുന്നതും എം.ടി മലബാർ ടഗ്ഗ് ഉപയോഗിച്ചാണ്. അടിയന്തര അടുപ്പിക്കൽ, ബങ്കറിംഗ് ക്രൂ ചേഞ്ച് എന്നിവയ്ക്ക് ടഗ്ഗ് അടക്കമുള്ള സൗകര്യങ്ങൾ പെട്ടെന്ന് ലഭ്യമാകുന്ന പോർട്ടുകളാകും ക്യാപ്ടന്മാർ തിരഞ്ഞെടുക്കുക. കൊല്ലം പോർട്ടിൽ ബോട്ട് ഇല്ലാത്തതിനാൽ കപ്പലുകൾ എത്തുമ്പോൾ ക്യാപ്ടൻ പൈലറ്റിന് പോകുന്നതും എം.ടി മലബാർ ടഗ്ഗിലാണ്.
ടഗ്ഗ് പാട്ടത്തിന് നൽകിയാൽ കൂടുതൽ ജോലി ലഭിക്കുന്ന വിഴിഞ്ഞം, കൊച്ചി പോർട്ടുകളിലേക്ക് കരാറുകാർ കൊണ്ടുപോകും. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനും സാദ്ധ്യതയുണ്ട്. ഇതോടെ കൊല്ലം പോർട്ടിൽ തീരെ യാനങ്ങൾ എത്താത്ത അവസ്ഥയാകും.
എം.ടി മലബാർ പാട്ടത്തിന് നൽകാൻ നീക്കം
എത്തിയത് 9 വർഷം മുമ്പ്
പോർട്ട് വകുപ്പ് 2015ൽ ബേപ്പൂർ തുറമുഖത്തിനായി വാങ്ങിയത്
അവിടെ കൂടുതൽ ശേഷിയുള്ള ടഗ്ഗ് ആവശ്യമില്ലാത്തതിനാൽ കൊല്ലത്തിന് കൈമാറി
2016ൽ കൊല്ലത്ത് എത്തിച്ചു
കൊല്ലത്തുണ്ടായിരുന്ന എം.ടി കേരളം ടഗ്ഗ് ബേപ്പൂരിന് കൈമാറി
പാട്ടത്തിന് നൽകിയാൽ പോർട്ട് പേരിലൊതുങ്ങും
ശേഷി-10 ടൺ ബോള്ളാർഡ്
വലിക്കുന്നത്-150 മീറ്റർ നീളമുള്ള യാനങ്ങൾ
അടിയന്തര സാഹചര്യങ്ങളിൽ യാനങ്ങൾ അടുക്കുന്നത് ടഗ്ഗ് ഉള്ളതിനാലാണ്. കൊല്ലം പോർട്ടിന്റെ പ്രധാന ആകർഷണവും ഇതാണ്. ടഗ്ഗ് നഷ്ടപ്പെടാതിരിക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണം.
പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |