കൊല്ലം: ഓണം കണക്കിലെടുത്ത് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ വിപണിയിൽ ഫലപ്രദമായ ഇടപെടൽ നടത്തുകയാണെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ. ചിന്നക്കട താലൂക്ക് സപ്ലൈ ഓഫീസിന് സമീപമുള്ള സുഭിക്ഷ ഭക്ഷണശാല, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, താമരക്കുളത്തെ പീപിൾസ് ബസാർ എന്നിവ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വെളിച്ചെണ്ണ വില 349 രൂപയിൽ നിന്ന് വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വെളിച്ചെണ്ണ ഉത്പാദന വിതരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും കേരജം കമ്പനിയും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചു. വെളിച്ചെണ്ണ ഉത്പാദന വിതരണ മേഖലയിലെ 50 ഓളം സംരംഭകരുമായി നടത്തിയ ചർച്ചയിലും അമിതവില ഈടാക്കില്ലെന്ന് ധാരണയായി. ഓണം പ്രമാണിച്ച് സപ്ലൈക്കോ ഔട്ട്ലെറ്റുകൾ റേഷൻ കടകൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ കൂടുതൽ സ്റ്റോക്ക് ഉറപ്പാക്കും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കും. ഉൾഗ്രാമങ്ങളിലും സബ്സിഡി നിരക്കിലും വിലകുറച്ചും സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാർ, ഡിപ്പോ മാനേജർ ആർ.എസ്.അജിത്ത്കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |