തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ ഇളവ് നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും അത് നടപ്പായില്ല. കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കാനാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 2022 ജൂൺ 2ലെ കൗൺസിലിലാൽ നടത്തിയ പ്രഖ്യാപനം നാളിതുവരെ നടപടിയൊന്നുമുണ്ടായില്ല. 10 ശതമാനം ഇളവ് നൽകാനാണ് സർക്കാർ ഉത്തരവിട്ടിരുന്നത്.
വിതരണവും ഉപയോഗവും നിലച്ചു
മുൻ ഭരണസമിതിയുടെ കാലത്ത് ആരോപണ വിധേയരായ ഒമേഗ എക്കോടെക് പ്രൊഡക്ട് ഇന്ത്യ കമ്പനിക്കാണ് ഇത്തവണയും നഗരസഭ കരാർ നൽകിയത്. 50,000 വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ എത്ര വാങ്ങിയെന്നോ എത്രയെണ്ണം വിതരണം ചെയ്തെന്നൊ കൃത്യമായ കണക്കുകളില്ല. കൗൺസിലിൽ പ്രതിപക്ഷ കൗൺസിലറായ കരമന അജിത്ത് മുമ്പ് ചോദ്യം ഉന്നയിച്ചിട്ടും കണക്കുകൾ നൽകിയില്ല.
ഉപയോഗം കുറവ്
നഗരത്തിൽ കിച്ചൺ ബിന്നിന്റെ വിതരണവും നിലച്ച മട്ടാണ്. ആകെ വിതരണം ചെയ്ത കിച്ചൺ ബിന്നിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗം.ഇതിൽ നിക്ഷേപിക്കേണ്ട ചകിരിച്ചോറ് അഥവാ ഇനോക്കുലും പോലും കൃത്യമായി വിതരണം ചെയ്യാത്തതോടെ പലരും ഇത് ഉപയോഗിക്കാതായി.
ആശ്രയം സ്വകാര്യ ഏജൻസി
സ്വകാര്യ ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള ഡ്രൈ മാലിന്യം ഹരിതകർമ്മസേനയ്ക്കും. എല്ലാ ആഴ്ചയും നഗരസഭാതല ശുചിത്വ പരിപാലന സമിതി കൂടാനും നിലവിൽ പ്രവർത്തിക്കാത്ത എയ്റോബിക് ബിന്നുകൾ പ്രവർത്തനക്ഷമമാക്കാനും അന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.
മാലിന്യം കെട്ടികിടയ്ക്കുന്നു
മെഡിക്കൽ കോളേജ്,പാളയം,മാർക്കറ്റ്,ചാല,പ്ലാമൂട്,പനമുക്ക് റോഡ്,പ്ലാമൂട് പി.എം.ജി,വഞ്ചിയൂർ കോടതിക്ക് സമീപം,പുത്തരിക്കണ്ടം മൈതാനം,ജഗതി മൈതാനം,തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരം,ഒരുവാതിൽകോട്ട,ഉള്ളൂർ,മെഡിക്കൽ കോളേജ്,മുട്ടത്തറ,പി.ടി.പി നഗർ,മുടവൻമുഗൾ എന്നിവിടങ്ങളിൽ മാലിന്യക്കൂനയുണ്ട്. ഇതിൽ പാളയം ചാല മാർക്കറ്റുകളുടെ സ്ഥിതി വളരെ ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |