കാസർകോട്: കാസർകോട് വില്ലേജിലെ നായക്‌സ് റോഡിൽ പരേതനായ മലയൻ കണ്ണന്റെ ഭാര്യ, 92 പിന്നിട്ട ലക്ഷ്മി അമ്മയെയും കുടുംബത്തെയും തൊണ്ണൂറ് വർഷമായി താമസിച്ചുവരുന്ന കുടികിടപ്പ് ഭൂമിയിൽ നിന്ന് ഇറക്കിവിടാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിന്റെ പേരിൽ ലക്ഷ്മി അമ്മയെയും കുടുംബത്തെയും ഇറക്കിവിടാൻ കാസർകോട് ആർ.ഡി.ഒ ജൂലായ് 18 ന് നൽകിയ നോട്ടീസും ഇതോടെ അസാധുവായി.
കാസർകോട് താലൂക്കിലെ വ്യത്യസ്ത സർവ്വേ നമ്പറുകൾ കാണിച്ച് രണ്ടുതവണയാണ് ഇവർക്ക് കുടിയിറക്ക് നോട്ടീസ് നൽകിയിരുന്നത്. സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ദുലിയ, ജസ്റ്റിസ് എൻ.വി അഞ്ജരിയ എന്നിവരാണ് തുറന്ന കോടതിയിൽ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരി യഥാർത്ഥ കുടികിടപ്പുകാരി ആണെന്ന് കോടതി തുടക്കത്തിൽ തന്നെ നിരീക്ഷിച്ചിരുന്നു. മുതിർന്ന അഭിഭാഷകരായ വി. ചിദംബരേഷ്, എ. ഹരിപ്രസാദ്, പി. സുൾഫിക്കർ അലി തുടങ്ങിയവരാണ് ഹർജിക്കാരിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
1963-ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 2 (25) പ്രകാരം നിർവചിച്ചിരിക്കുന്ന കേരള സംസ്ഥാനത്തെ ഭവനരഹിതരായ കുടികിടപ്പുകാരിയെ ഇറക്കിവിടുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2025 ജൂൺ 18ന് പുറപ്പെടുവിച്ച കുടിയിറക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യുകയും കേസിൽ ഹൈക്കോടതിയിൽ ഹരജിക്കാരുടെ അഭിഭാഷകൻ സമർപ്പിച്ച റിട്ട് ഹരജിയിന്മേൽ വേഗത്തിൽ വാദം പൂർത്തിയാക്കി തീർപ്പ് കൽപ്പിക്കാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടിക്കുന്നത്.
റെവന്യു ഉദ്യോഗസ്ഥർക്ക് വിചിത്രമായ തിടുക്കം
പ്രായത്തിന്റെ അവശതമൂലം എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത 92 കാരിയെയും കുടുംബത്തെയും നായക്സ് റോഡിലെ 'ദൈവങ്ങളുടെ പ്രതിഷ്ഠയുള്ള' ഭൂമിയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഇറക്കിവിടാൻ കാസർകോട്ടെ റെവന്യു ഉദ്യോഗസ്ഥർ കാണിച്ചത് വലിയ തിടുക്കമായിരുന്നു. രണ്ടു തവണ നോട്ടീസ് നൽകിയതിനു പുറമെ വീട്ടിൽ കയറിച്ചെന്ന് പരാതി പിൻവലിപ്പിക്കാൻ ഭീഷണി മുഴക്കിയും പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങൾ നൽകിയും പറഞ്ഞയക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ തയ്യാറായി.
ഇറക്കിവിടുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കെയുമാണ് പുതിയ സർവ്വെ നമ്പർ പ്രകാരമുള്ള സ്ഥലത്തേക്ക് കുടിയിറക്കാൻ വീണ്ടും റവന്യു വകുപ്പ് നോട്ടീസ് നൽകിയത്. കാസർകോട് വില്ലേജിലെ 122/1 പിടി എന്ന സ്ഥലത്തേക്ക് മാറാൻ ജൂലായ് അഞ്ചിന് അന്നത്തെ എൽ.എ തഹസിൽദാർ നൽകിയ നോട്ടീസ് ചീറ്റിപോയിരുന്നു. അങ്ങനെ ഒരു സ്ഥലം ഇല്ലെന്ന് കണ്ടെത്തിയതിനാൽ കുടുംബം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഭൂമിയിലേക്ക് മാറാനുള്ള വിചിത്രമായ നോട്ടീസ് വീണ്ടും നൽകിയത്. സുപ്രീംകോടതി വിധി റവന്യു വകുപ്പിന് വലിയ തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |