കിളിമാനൂർ: രാത്രി കാലങ്ങളിൽ കിളിമാനൂർ എത്തുന്നവർ കയ്യിൽ ചൂട്ടോ, ലൈറ്റോ കരുതുന്നത് നല്ലതായിരിക്കും. വഴിവിളക്കുകൾ മിക്കതും കത്താത്തതാണ് ഇതിനു കാരണം. സന്ധ്യ കഴിഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകൾ അണഞ്ഞാൽ കിളിമാനൂർ ടൗൺ കൂരിരുട്ടിലാകും. എം.പി, എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയാറോളം ഹൈമാസ്റ്റ് ,മിനി മാസ്റ്റ് ലൈറ്റുകളാണ് പഴയകുന്നുമ്മൽ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വർഷം വരെയാണ് ഇതിന്റെ വാറൻണ്ടി ഇത് കഴിയുന്നതോടെ ലൈറ്റുകൾ കേടുവരും. വൈദ്യുതി, മെയിന്റനൻസ് തുടങ്ങിയവ വഹിക്കേണ്ടത് പഞ്ചായത്താണ്, പഞ്ചായത്തിന്റെ തെരുവ് വിളക്കുകൾക്ക് പുറമെയാണിത്. ഇതിന് തക്ക ഫണ്ടും പഞ്ചായത്തിനുണ്ടാകില്ല. ഇതു കാരണം മിക്ക വിളക്കുകളും കത്താറില്ല.ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളിൽ അഞ്ച് ബൾബുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് താഴേക്ക് പ്രകാശം പതിപ്പിക്കുന്നത്. മറ്റ് രണ്ടെണ്ണം ആകാശത്തേക്കു നോക്കി ഇരിപ്പാണ്. ഇത് ഒഴിവാക്കി ലൈറ്റുകൾ സോളാറാക്കിയാൽ പഞ്ചായത്തുകൾക്ക് അധിക ബാദ്ധ്യതയുണ്ടാകില്ല. കെ.എസ്.ടി.പിയുടെ നേതൃത്വത്തിലും തെരുവ് വിളക്കുകൾ സംസ്ഥാന പാതയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സാമൂഹിക വിരുദ്ധരുടെ ശല്യം
രാത്രി കാലങ്ങളിൽ ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ജോലി കഴിഞ്ഞു കിളിമാനൂരിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർ കുറെക്കാലമായി ഇരുട്ടിൽ തപ്പേണ്ട അവസ്ഥയിലാണ്. സംസ്ഥാന-ദേശീയ പാതയുമായി ബന്ധിക്കുന്ന ആലംകോട് റോഡ് സന്ധിക്കുന്ന കിളിമാനൂർ ജംഗ്ഷനിലും പ്രൈവറ്റ് സ്റ്റാൻഡിലും ഹൈമാസ്റ്റ് വിളക്കുകളുൾപ്പെടെ പ്രകാശിക്കാതായതോടെ രാത്രിയിൽ സ്ത്രീകളുൾപ്പെടെ യാത്രക്കാർ സാമൂഹിക വിരുദ്ധരുടെ ഭീഷണിയിലാണ്.
വാർഡ് അടിസ്ഥാനത്തിൽ ' തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അടിയന്തരമായി മുഴുവൻ ലൈറ്റുകളും പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കും
എൻ.സലിൽ
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |