5479 പേർ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 'അതിദാരിദ്ര്യമുക്ത കേരളം' എന്ന ലക്ഷ്യത്തിലേക്കടുത്ത് പാലക്കാട് ജില്ല. സമഗ്രമായ മൈക്രോ പ്ലാനുകളിലൂടെയും വിവിധ പദ്ധതികളിലൂടെയും 5479 പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ശേഷിക്കുന്ന 153 പേരെ കൂടി മൂന്ന് മാസത്തിനകം അതിദാരിദ്ര്യ പട്ടികയിൽ നിന്ന് പുറത്തുകൊണ്ടുവന്ന് ജില്ലയെ പൂർണമായും അതിദാരിദ്ര്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്ത കേരളം എന്ന സർക്കാർ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. വിശദമായ സർവേയിലൂടെയാണ് ജില്ലയിൽ 6443 പേരെ അതിദരിദ്രരായി കണ്ടെത്തിയത്. ഇതിൽ 5632 പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇവർക്കെല്ലാം ഭക്ഷണം, പാർപ്പിടം, വരുമാനം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കിയാണ് മൈക്രോ പ്ലാനുകൾ തയ്യാറാക്കിയത്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വരുമാനം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ലഭ്യതയാണ് സർവേയിൽ പ്രധാനമായും പരിഗണിച്ചത്. ഭക്ഷണത്തിൽ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ കലോറി പോലും നിറവേറ്റാൻ കഴിയാത്തവർ, വീടില്ലാത്തവർ, റോഡരികിൽ താമസിക്കുന്നവർ, സുരക്ഷിതമല്ലാത്ത ഷെഡ്ഡുകളിൽ കഴിയുന്നവർ, ഏറ്റവും കുറഞ്ഞ വരുമാനം പോലും ഇല്ലാത്തവർ, തൊഴിൽരഹിതർ, സ്ഥിരവരുമാനം ഇല്ലാത്തവർ, പ്രാഥമിക ആരോഗ്യ സേവനങ്ങൾ പോലും ലഭ്യമല്ലാത്തവർ, മാരക രോഗങ്ങൾ പിടിപെട്ട് ചികിത്സാ സഹായം ആവശ്യമുള്ളവർ, അവകാശ രേഖകൾ ഇല്ലാത്തവർ തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം ഉൾപ്പെടുത്തി.
പാലക്കാട് ജില്ല കൈവരിച്ച നേട്ടങ്ങൾ
ഭക്ഷണം: അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട, ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിച്ച 1336 പേർക്ക് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഭക്ഷണവും ഭക്ഷ്യ കിറ്റുകളും കൃത്യമായി എത്തിച്ചുനൽകുന്നു.
ആരോഗ്യ സംരക്ഷണം: 2178 പേർക്ക് പാലിയേറ്റീവ് കെയർ വഴി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.
വരുമാനം: സ്വയംതൊഴിൽ, കുടുംബശ്രീയുടെ ഉജ്ജീവനം തുടങ്ങിയ പദ്ധതികളിലൂടെ 392 പേർക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം ലഭ്യമാക്കി.
പാർപ്പിടം: 1213 പേർക്ക് സുരക്ഷിതമായ ഭവനം ഒരുക്കി നൽകി.
അവകാശ രേഖകൾ: അതിദരിദ്ര വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ആവശ്യമായ വോട്ടർ ഐ.ഡി, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയും ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |