ടെൽ അവീവ് : ഗാസയിൽ യുദ്ധം രൂക്ഷമായി തുടരവേ, മിഡിൽ ഈസ്റ്റിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ഇസ്രയേലിലെ തീവ്ര വലതുപക്ഷവാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ. ഇന്നലെ ഈസ്റ്റ് ജെറുസലേമിലെ ഓൾഡ് ടൗണിലുള്ള അൽ അഖ്സ പള്ളി പരിസരത്തെത്തിയ ഗ്വിർ, കാലങ്ങളായുള്ള കീഴ്‌വഴക്കങ്ങൾ ലംഘിച്ച് അവിടെ ജൂത പ്രാർത്ഥന നടത്തി.
അൽ അഖ്സ പ്രദേശത്ത് എല്ലാവർക്കും പ്രവേശിക്കാമെങ്കിലും മുസ്ലീം വിഭാഗക്കാർക്ക് മാത്രമാണ് പ്രാർത്ഥനകൾക്കുള്ള അനുവാദം. ഗ്വിറും സംഘവും പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഹമാസിനെതിരെ ഇസ്രയേലിന്റെ വിജയത്തിനായും ബന്ദികളുടെ മോചനത്തിനും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ഗ്വിർ പറഞ്ഞു.
ഗ്വിറിന്റെ നടപടിയെ പാലസ്തീനിയൻ അതോറിട്ടി അപലപിച്ചു.
മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ മൂന്നാമത്തെ വിശുദ്ധ ഇടമാണ് അൽ അഖ്സ. അൽ അഖ്സ പരിസരത്ത് അമുസ്ലീം പ്രാർത്ഥന നിയന്ത്രിക്കുന്ന നിയമങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ട്. ഗ്വിർ ഇതിന് മുമ്പും ഇവിടെയെത്തി ജൂത പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
# സംഘർഷങ്ങൾ നിരവധി
അൽ അഖ്സ പള്ളി, ജൂതർക്കിടയിൽ ടെംബിൾ മൗണ്ട് എന്നും മുസ്ലിങ്ങൾക്കിടയിൽ അൽ ഹറം അൽ - ഷെരീഫ് (നോബിൾ സാങ്ങ്ച്വറി) എന്നും അറിയപ്പെടുന്ന മലനിരകളിൽ. ടെംബിൾ മൗണ്ട് ജൂതരുടെ പുണ്യ കേന്ദ്രം
ജൂത പ്രാർത്ഥനാ കേന്ദ്രമായ വെസ്റ്റേൺ വോളിന് നേർക്ക്
മേൽനോട്ടം ജോർദ്ദാന്
അൽ അഖ്സ പള്ളിക്ക് താഴെ സോളമന്റെ ദേവാലയം ഉണ്ടെന്ന് ഇസ്രയേൽ
മുൻകാലങ്ങളിൽ, നിയമങ്ങൾ ലംഘിച്ച് ജൂതന്മാർ പ്രദേശത്ത് പ്രാർത്ഥനകൾ നടത്തുകയും മുസ്ലീം വിശ്വാസികളെ തടയുകയും ചെയ്തത് സംഘർഷങ്ങൾക്ക് ഇടയാക്കി. ഇസ്രയേൽ സുരക്ഷാ സേന മുസ്ലീം വിശ്വാസികളുമായി ഏറ്റുമുട്ടലുകളും പതിവായി. ഏറ്റുമുട്ടലുകൾ രണ്ടാം പാലസ്തീനിയൻ പ്രക്ഷോഭത്തിന് (അൽ അഖ്സ ഇൻതിഫാദ) കാരണമായി
# ഗാസ യുദ്ധത്തിലേക്കും നയിച്ചു
2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന് പിന്നിലും അൽ അഖ്സ സംഘർഷമാണ്. ജൂത തീർത്ഥാടക ആഘോഷമായ സുകോത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഇസ്രയേൽ വംശജർ അൽ - അഖ്സ മേഖലയിലേക്ക് കടന്നുകയറി. പിന്നാലെ 'ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം" എന്ന പേരിൽ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിയായി ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |