ചെന്നിത്തല (ആലപ്പുഴ): അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ പതിച്ച് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചു. മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ -ഗീത ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു, 24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി-അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം.
ഏഴ് തൊഴിലാളികളായിരുന്നു ആ സമയം ഉണ്ടായിരുന്നത്. ഇവരിൽ ചിലരും ആറ്റിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. രാഘവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ബിനു മുങ്ങിമരിച്ചത്. ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിൽ വൈകിട്ടോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
ചെന്നിത്തല- ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലമാണിത്. മൂന്നുവർഷമായി നിർമ്മാണം തുടങ്ങിയിട്ട്. പാലത്തിന്റെ നടുവിലുള്ള ബീമുകളിൽ ഒന്നിന്റെ അവസാന കോൺക്രീറ്റ് നടക്കുന്നതിനിടയിലാണ് സ്പാൻ ഇളകിവീണത്. ആതിരയാണ് രാഘവിന്റെ ഭാര്യ. രാഘവ് ഇപ്പോൾ ഓച്ചിറയിലാണ് താമസം. സഹോദരൻ അക്ഷയും രാഘവിനൊപ്പം ജോലിക്ക് ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. മറ്റൊരു സഹോദരൻ അദ്വൈത്. ബിനു അവിവാഹിതനാണ്. സഹോദരങ്ങൾ: ഷാജി, ബിജു.
അന്വേഷണത്തിന് നിർദ്ദേശം
സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |