കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികൾ തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ് അറിയിച്ചു. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകളാണ് തള്ളിയത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള പത്രിക സ്വീകരിച്ചു. ഭാരവാഹിയായി മത്സരിക്കാൻ കുറഞ്ഞത് മൂന്നു സിനിമകൾ നിർമ്മിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് പത്രിക തള്ളിയതെന്ന് വരണാധികാരി പറഞ്ഞു. സാന്ദ്ര തോമസ് ഫിലിംസ് രണ്ടു സിനിമകളേ നിർമ്മിച്ചിട്ടുള്ളു. മൂന്നിൽ താഴെയാണെങ്കിൽ നിർവാഹക സമിതിയിലേക്ക് മത്സരിക്കാനേ കഴിയൂവെന്നാണ് വ്യവസ്ഥ.
സാന്ദ്ര തോമസ് ഫിലിംസ് രണ്ടും ഫ്രൈഡേ ഫിലിംസിന്റെ പാർട്ണറെന്ന നിലയിൽ ഏഴും സിനിമകൾ നിർമ്മിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര പറഞ്ഞു. അസോസിയേഷന്റെ പുല്ലേപ്പടിയിലെ ഓഫീസിലായിരുന്നു പത്രിക പരിശോധന. പത്രിക സംബന്ധിച്ച് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാറും സാന്ദ്രയും തമ്മിൽ തർക്കവുമുണ്ടായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് സജി നന്ത്യാട്ട്, ബി. രാകേഷ്, സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്‌റ്റിൻ സ്‌റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി, ട്രഷറർ സ്ഥാനത്തേക്ക് സുബൈർ, സജി നന്ത്യാട്ട് എന്നിവരുടെ പത്രിക സ്വീകരിച്ചു. നാളെ വരെ പിൻവലിക്കാം. ഈമാസം 14നാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |