ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചെന്നും ദേഹോപദ്രവമേൽപ്പിച്ചെന്നുമുള്ള പരാതിയിൽ പ്രഥമാദ്ധ്യാപികയ്ക്കെതിരെ കേസ്. ഹരിപ്പാട് പള്ളിപ്പാട് പേർകാട് എം.എസ്.സി എൽ.പി സ്കൂളിലെ ഗ്രേസിക്കെതിരെ (55)യാണ് എസ്.സി, എസ്.ടി അത്രിക്രമം തടയൽ വകുപ്പ് പ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി.
നാലാംക്ലാസിന്റെ ചാർജുള്ള അദ്ധ്യാപിക കൂടിയാണ് ഗ്രേസി. കറുത്തവരെ പഠിപ്പിക്കില്ലെന്നും ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ലെന്നും പറഞ്ഞ് പലതവണ അവഹേളിച്ചതായാണ് വിദ്യാർത്ഥിയുടെ മാതാവും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ പള്ളിപ്പാട് മീനാക്ഷി വീട്ടിൽ ശാലിനി മനോജിന്റെ പരാതി. പൊലീസിലും വിദ്യാഭ്യാസവകുപ്പ് അധികൃതർക്കും പരാതി നൽകി.
പരാതിക്കാരിയുടെ മകനും ഭർതൃസഹോദരന്റെ മകനുമാണ് അധിക്ഷേപം നേരിട്ടതത്രെ. ജൂൺ 18ന് ക്ലാസ് മുറിയിൽ വച്ച് രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടിയെ അടിച്ചും കവിളിൽ കുത്തിയും കൈകളിൽ പിച്ചിയും വേദനിപ്പിച്ചെന്നും പരാതിയിലുണ്ട്. സംഭവം അന്വേഷിക്കാൻ സ്കൂളിലെത്തിയ തന്നെയും ജാതീയമായി അധിക്ഷേപിക്കുകയും കറുത്ത പിള്ളേരെ ഇഷ്ടമല്ലെന്ന് പറയുകയും ചെയ്തെന്നും പരാതിയിലുണ്ട്.
രാജിക്കത്ത് നൽകി
സംഭവം വിവാദമായതോടെ പ്രഥമാദ്ധ്യാപിക അവധിയിൽ പ്രവേശിച്ചു. മുമ്പ് സ്കൂളിലുണ്ടായിരുന്ന താത്‌കാലിക അദ്ധ്യാപകന് തന്നോടുള്ള വൈരാഗ്യം നിമിത്തം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാജിക്കത്ത് എ.ഇ.ഒയ്ക്ക് നൽകിയതായും പ്രഥമാദ്ധ്യാപിക പ്രതികരിച്ചു. പരാതി നൽകാതിരിക്കാൻ വിദ്യാർത്ഥിയുടെ കുടുംബം തന്നോട് അഞ്ചു ലക്ഷം രൂപ അവശ്യപ്പെട്ടിരുന്നെന്നും ഇവർ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ തന്നെ നിരന്തരം അവഹേളിക്കുന്ന മുൻ അദ്ധ്യാപകനെതിരെ ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |