പ്രണയവിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഈ കാലഘട്ടത്തിൽ കൂടുതലും. കുടുംബാംഗങ്ങൾ തന്നെ ഇപ്പോൾ പ്രണയവിവാഹത്തിന് അനുമതി നൽകാറുണ്ട്. എന്നാൽ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയ വിവാഹത്തെയും എതിർക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രണയവിവാഹത്തെ എതിർക്കുന്ന ഒരു ഗ്രാമത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഞ്ചാബിലാണ് ഈ ഗ്രാമം. ജൂലായ് 31നാണ് മൊഹാലി ജില്ലയിലെ മനക്പൂർ ഗ്രാമത്തിലെ നാട്ടുകൂട്ടം ഈ നിയമം കൊണ്ടുവന്നത്.
വീട്ടുകാരുടെ അനുമതിയില്ലാത്ത പ്രണയവിവാഹങ്ങളെ തങ്ങളുടെ ഗ്രാമം നിരോധിക്കുന്നുവെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. കുടുംബങ്ങളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികൾ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കാൻ പാടില്ല. അത്തരത്തിലുള്ള ദമ്പതികളെ പിന്തുണയ്ക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ഗ്രാമീണർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
'ഇതൊരു ശിക്ഷാനടപടിയല്ല. മറിച്ച് തങ്ങളുടെ സംസ്കാരത്തെയും പെെതൃകത്തെയും സംരക്ഷിക്കാനുള്ള നീക്കമാണ്. 26 വയസുള്ള യുവാവും 24 വയസുള്ള അദ്ദേഹത്തിന്റെ സഹോദരീപുത്രിയും അടുത്തിടെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവമുണ്ടായി. അവർ ഈ ഗ്രാമം വിട്ടുപോയെങ്കിലും ആ സംഭവം ഈ ഗ്രാമത്തിലെ 2,000 താമസക്കാരെ സ്വാധീനിക്കുന്നു. അതാണ് ഇങ്ങനെ ഒരു പുതിയ നിയമം കൊണ്ടുവന്നത്. പ്രണയ വിവാഹത്തിനോ നിയമത്തിനോ ഞങ്ങൾ എതിരല്ല. പക്ഷേ ഞങ്ങളുടെ പഞ്ചായത്തിൽ വീട്ടുകാരുടെയോ ബന്ധുക്കളുടെയോ സമ്മതമില്ലാതെ അത് നമ്മൾ അനുവദിക്കില്ല'- ഗ്രാമ തലവൻ ദൽവീർ സിംഗ് പറഞ്ഞു. അയൽ ഗ്രാമങ്ങളും സമാനമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാൽ ഈ നീക്കത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |