തിരുവനന്തപുരം: കഴിഞ്ഞവർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമാണ് 'സ്താനാർത്തി ശ്രീക്കുട്ടൻ". ഫ്രണ്ട് ബെഞ്ചോ, ബാക്ക് ബെഞ്ചോയില്ലാതെ എല്ലാവരും മുൻനിരയിൽ എന്ന സങ്കൽപം അഥവാ അർദ്ധവൃത്താകൃതിയിൽ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിക്കുന്ന പുതിയരീതിയും ഈ ചിത്രത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചു. തമിഴ്നാട്ടിലെ ഒരു സ്കൂളിൽ ഈ രീതി പിന്തുടർന്നതും ഏറെ ചർച്ചയായിരുന്നു.
ഇപ്പോഴിതാ സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ,
നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.
അടുത്തിടെ കേരളത്തിലെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |