ചാരുംമൂട് (ആലപ്പുഴ) : വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്താനും സംരക്ഷണം നൽകാനും 'സുരക്ഷാമിത്രം' കർമ്മപദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നൂറനാട് അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായ നാലാം ക്ലാസുകാരിയെ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ ശിശുവികസനം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊലീസ് വകുപ്പുകളുമായി ചേർന്നാകും പദ്ധതി നടപ്പാക്കുക. കുട്ടികൾക്ക് വൈദ്യസഹായം, കൗൺസലിംഗ്, പുനരധിവാസം എന്നിവ ഉറപ്പുവരുത്തും. ശിശുക്ഷേമസമിതി, ഹെൽപ് ലൈൻ നമ്പർ 1098 എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.
ലഹരിവിമുക്തി മാതൃകയിൽ കുട്ടികളുടെ സംരക്ഷണത്തിന് നടപടിക്രമം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ്, എം.എസ്. അരുൺകുമാർ എം.എൽ.എ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂളുകളിൽ ഹെൽപ് ബോക്‌സ്
കുട്ടികൾക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താൻ എല്ലാ സ്‌കൂളിലും ഹെൽപ് ബോക്‌സ് സ്ഥാപിക്കും. ആഴ്ചയിൽ ഒരിക്കൽ ബോക്‌സ് തുറന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി തുടർനടപടി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. ടീച്ചർമാർ വെറും ടീച്ചർമാരായി ഒതുങ്ങരുതെന്ന് മന്ത്രി നിർദേശിച്ചു. കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ അദ്ധ്യാപകർക്ക് പരിശീലനംനൽകും. ഡയറി എഴുത്ത്, ശൂന്യവേള പോലുള്ള ആശയങ്ങളിലൂടെ കുട്ടികളും അദ്ധ്യാപകരും മനസ്സുതുറക്കണം.
പാരന്റിംഗ് ക്ലിനിക്കുകൾ
പ്രശ്‌നക്കാരായ രക്ഷിതാക്കൾക്ക് കൗൺസലിംഗ് നൽകാൻ ബ്ലോക്ക് തലങ്ങളിൽ പാരന്റിംഗ് ക്ലിനിക്കുകൾ കൂടുതൽ സജീവമാക്കും. സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കായി സർക്കാർ ഹോമുകളും പ്രത്യേക ഹോമുകളും പ്രയോജനപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |