ഭോപ്പാൽ: മലയാളത്തിൽ മാത്രമല്ല, മറ്റ് പല ഭാഷകളിലും ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട് ആരോപണവുമായെത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള പ്രമുഖ ഡെർമറ്റോളജിസ്റ്റ് അഭിനിത് ഗുപ്ത.
ജനപ്രിയ പരിപാടിയായ ബിഗ് ബോസിൽ പിൻവാതിലിലൂടെ പ്രവേശനം തരാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെന്നാണ് ഡോക്ടറുടെ ആരോപണം. ഭോപ്പാലിൽ ഒരു ക്ലിനിക്ക് നടത്തുകയാണ് അഭിനിത് ഗുപ്ത. ബിഗ് ബോസിൽ പങ്കെടുക്കാൻ അവസരം വാഗ്ദാനം ചെയ്ത് കരൺ സിംഗ് എന്നയാൾ 2022ലാണ് ഡോക്ടറെ സമീപിച്ചത്.
ഇവന്റ് ഡയറക്ടറാണെന്നും ടെലിവിഷൻ മേഖലയിൽ വലിയ സ്വാധീനമുണ്ടെന്നുമായിരുന്നു ഇയാൾ ഡോക്‌ടറോട് പറഞ്ഞു. കരൺ സിംഗിന്റെ വാക്ക് വിശ്വസിച്ച് ഡോക്ടർ അയാൾക്ക് 10 ലക്ഷം രൂപ നൽകുകയും ചെയ്‌തെന്നാണ് പറയുന്നത്.
എന്നാൽ പിന്നീട് ബിഗ് ബോസ് മത്സരാർത്ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതെന്നും ഡോക്ടർ പറയുന്നു. തുടർന്ന് ഡോക്ടർ കരണിനെ ബന്ധപ്പെട്ടു. കുറച്ചുകൂടി കാത്തിരിക്കൂ, പിൻവാതിലിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കയറ്റാനുള്ള പ്രക്രിയ നടക്കുകയാണെന്നുമായിരുന്നു ഇയാൾ പറഞ്ഞിട്ടും. എന്നാൽ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ ഡോക്‌ടർ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതോടെ ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |