അച്ഛന്‍ ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പറയുകയാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍. തിരുവനന്തപുരത്ത് അച്ഛന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ വന്നിരിക്കുമ്പോള്‍ അനുഭവപ്പെടുന്നത് വലിയൊരു ശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രെയ്റ്റ് ലൈന്‍ പരിപാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വിഎസ്സിന്റെ മകന്‍ അച്ഛന്റെ മരണത്തിന് ശേഷമുള്ള ജീവിത്തതെക്കുറിച്ച് മനസ്സ് തുറന്നത്.
കുട്ടിക്കാലം മുതലുള്ള എല്ലാ കാര്യങ്ങളും അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ എല്ലായിപ്പോഴും അച്ഛന്‍ കുടുംബത്തോടൊപ്പമായിരുന്നില്ല. ചെറുപ്പത്തില്‍ ഒരിക്കല്‍ അഞ്ചാം പനി വന്ന് അല്‍പ്പം കൂടുതലായി. വിവരം അച്ഛനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്ന് രാത്രി അദ്ദേഹം വീട്ടിലെത്തി. അന്ന് വീട്ടില്‍ തന്നെ തങ്ങുകയും കെട്ടിപ്പിടിച്ച് കിടക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ അച്ഛന്‍ മടങ്ങുമ്പോള്‍ എന്റെ പനി മാറിയിട്ടുണ്ടായിരുന്നു- അരുണ്‍ കുമാര്‍ പറയുന്നു.
അച്ഛന്‍ മരണപ്പെട്ടതിന് ശേഷം വിലാപയാത്രയില്‍ ചെറുപ്പക്കാര്‍ ഒക്കെ ഒരുപാട് ദൂരം കൂടെ നടന്നു. പലരും കരഞ്ഞുകൊണ്ടാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. അച്ഛന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളെക്കുറിച്ചും മകന്‍ മനസ്സ് തുറന്നു. ഓരോ ദിവസവും അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്ന വിവരമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. പെട്ടെന്നാണ് ആരോഗ്യം മോശമായത്.
തിരിച്ചുവരാനുള്ള സാദ്ധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിനേയും കാര്യങ്ങള്‍ ധരിപ്പിക്കുകയും അവര്‍ ഉടനെ തന്നെ എത്തുകയുമായിരുന്നു. അച്ഛന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ആളുകള്‍ അച്ഛനോട് പ്രകടിപ്പിച്ച സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. - അരുണ്‍ കുമാര്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |