മലപ്പുറം: പത്തനംതിട്ട നാറാണംമൂഴിയിൽ അദ്ധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടൽ അടക്കമുള്ള കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഡി.ഇ.ഒ ഓഫീസ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത് സാധാരണ നടപടി മാത്രമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വാസുകിയുടെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കും.
ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുണ്ടായിട്ടും അവരെ പലതവണ ഓഫീസുകൾ കയറ്റിയിറക്കിയത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥർ ഓർക്കണം. കൃത്യനിർവഹണത്തിൽ അനാസ്ഥ കാണിക്കുന്നവരെ പിരിച്ചുവിട്ടാലേ സിവിൽ സർവീസ് കാര്യക്ഷമമാകൂ. ഫയലുകളിൽ കൃത്യമായ നടപടി സ്വീകരിക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ബോദ്ധ്യം ഉദ്യോഗസ്ഥർക്കുണ്ടാകും. സ്ഥാനക്കയറ്റം കിട്ടിവരുന്നവരാണ് എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, ആർ.ഡി.ഡി പോലുള്ള തസ്തികകളിലുള്ളത്. ഭരണകാര്യങ്ങളിൽ ഇവർക്ക് പരിചയക്കുറവുണ്ടെന്നാണ് തന്റെ അനുഭവം. ഇത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരം ഉദ്യോഗസ്ഥർക്ക് ആറുമാസമെങ്കിലും പരിശീലനം നൽകേണ്ടതുണ്ട്. കേരള അഡ്മിനിസ്‌ട്രേഷൻ സർവീസിൽ നിന്ന് കൂടുതൽ പേരെ ഭരണച്ചുമതലയിലേക്ക് കൊണ്ടുവരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |