വടകര: താലൂക്ക് ഓഫീസും ട്രഷറിയും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനം നിലച്ചത് ജനങ്ങളെ വലക്കുന്നു. 40 പടവുകൾ കയറി വേണം മുകളിലെ നിലയിലെത്താൻ. ഇതുമൂലം ഭിന്നശേഷിക്കാരും വയോജനങ്ങളും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഒരേ കെട്ടിടത്തിലാണ് സബ് ട്രഷറിയിലും താലൂക്ക് ഓഫീസും പ്രവർത്തിച്ചുവരുന്നത്. ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. കയറി എത്താൻ പറ്റാത്തവരുടെ ഒപ്പ് വാങ്ങാനും മറ്റും രണ്ട് ഓഫീസുകളിലെയും ജീവനക്കാർ താഴെ ഇറങ്ങിച്ചെന്നാണ് താത്ക്കാലികമായി പരിഹാരം കാണുന്നത്. തിരക്കേറിയ സമയത്ത് ഇത് ജീവനക്കാർക്കും പ്രായോഗിക ബുദ്ധിമുട്ടാക്കുന്നു. ഭിന്നശേഷിക്കാരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ച ബഹുഭൂരിപക്ഷം ആളുകളും പെൻഷൻ കാര്യങ്ങൾക്ക് ഈ ഓഫീസിൽ കയറി ഇറങ്ങേണ്ടി വരുന്നുണ്ട്. രോഗാവസ്ഥ ഉള്ളവരും ഈ ദുരിതം അനുഭവിക്കുകയാണ്. കാലപ്പഴക്കമുള്ള പഴയ കെട്ടിടം റവന്യു ടവറിനു വേണ്ടി പൊളിക്കാൻ തീരുമാനിച്ചപ്പോഴാണ് ട്രഷറി വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. 3 വർഷം മുൻപ് തീ പിടിച്ചപ്പോൾ താലൂക്ക് ഓഫീസും ഇവിടേക്ക് മാറി. പൊതുമരാമത്ത് വകുപ്പ് നിർണയിക്കുന്ന ചെറിയ വാടകയിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നന്നാക്കേണ്ട ഉത്തരവാദിത്തം കെട്ടിടം ഉടമയ്ക്കാണ്. എന്നാൽ സാങ്കേതിക നടപടി പൂർത്തിയാക്കാത്തതു കൊണ്ട് താലൂക്ക് ഓഫീസ് ഇതുവരെ വാടക നൽകിയിട്ടില്ല. മുൻപ് ഇങ്ങനെ സംഭവിച്ചപ്പോൾ ഉടമ തന്നെയാണ് സർവീസിംഗ് നടത്തിവന്നത്. വാടക ലഭിക്കാതെ വന്നപ്പോൾ ഉടമയും പിൻവാങ്ങി. ഇതോടെ ദുരിതത്തിൽ ആയത് ജനങ്ങളാണ്. ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടൽ നടത്തി പരിഹാരം കാണണമെന്ന് പെൻഷൻകാരുടെ സംഘടന ഭാരവാഹികളും ഭിന്നശേഷിക്കാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |