മലപ്പുറം: സ്കൂളുകളിൽ ബാക്ക് ബെഞ്ച് സംവിധാനം ഒഴിവാക്കുന്നത് ചർച്ചയ്ക്കുവച്ച വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അതു നടപ്പാക്കുന്നതിലേക്ക് കടക്കുന്നു.
'യു' ആകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിനെ കുറിച്ച്
ആലോചിക്കുന്നതായി അദ്ദേഹം മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലെ ക്ളാസ് മുറികൾക്ക് ഇതിനാവശ്യമായ വിസ്തൃതിയുണ്ട്. പഴയ കെട്ടിടങ്ങളിൽ ഇതു പ്രായോഗികമല്ല.
അത്തരം കെട്ടിടങ്ങളിൽ കുട്ടികളെ ഓരോ ദിവസവും ഓരോനിരയിൽ ഇരുത്തി തുല്യത വരുത്തണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
ബാക്ക് ബെഞ്ചേഴ്സ് സങ്കൽപം വിദ്യാർത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഒരുകുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ടുപോകാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
മൊബൈലും ചർച്ച ചെയ്യണം
സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കുന്നതിൽ കൂട്ടായ ചർച്ച വേണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് മൊബൈൽ വേണമെന്നും വേണ്ടെന്നും വാദിക്കുന്ന രക്ഷിതാക്കളുണ്ട്.ട്യൂഷനുവേണ്ടി നേരത്തേ പുറപ്പെടുകയും താമസിച്ച് എത്തുകയും ചെയ്യുന്നതിൽ ആകാംക്ഷയുള്ളവരാണ് അനുകൂലിക്കുന്നത്. ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുള്ളവരാണ് എതിർക്കുന്നത്. കൊണ്ടുവരാൻ പാടില്ലെന്ന ഓർഡർ നിലവിലുണ്ട്.
രക്ഷിതാക്കൾ ശ്രദ്ധിച്ചാലേ നിയന്ത്രണം ഏർപ്പെടുത്താനാവൂ. കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ കുറക്കൽ, ലഹരി വിരുദ്ധ കാമ്പെയിൻ എന്നീ കാര്യങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകും.
അദ്ധ്യാപകൻ ഏകാധിപതിയെപ്പോലെ നിൽക്കുന്നതാണ് നിലവിലെ ക്ലാസ്. വൃത്താകൃതിയിൽ ആകുമ്പോൾ, അദ്ധ്യാപകൻ കുട്ടികളിൽ ഒരാളായിമാറും.
പ്രമോദ് കെ.വി,
പ്രിൻസിപ്പൽ,
ഗവ.മോഡൽ ബി.എച്ച്.എസ്.എസ്.
തൈക്കാട്
........................
സ്ഥിരം പിൻബെഞ്ചുകൾ ഒഴിവാക്കാൻ റൊട്ടേഷൻ മതിയാകും.
ഗായത്രി ജെ.,
ട്രെയിനർ,
ബി.ആർ.സി കായംകുളം
...........................
റൗണ്ട് ആയി ഇരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കാനും പഠിപ്പിക്കുന്നത് വേഗത്തിൽ മനസിലാക്കാനുമാവും.
വൈഗ ബോസ്, വിദ്യാർത്ഥിനി
പട്ടം ഗവ. മോഡൽ ജി.എച്ച്.എസ്.എസ്
കോളേജിലും ബാക്ക് ബെഞ്ച്
ഒഴിവാക്കാം: മന്ത്രി ബിന്ദു
ബാക്ക് ബെഞ്ച് ഒഴിവാക്കൽ കോളേജുകളും നടപ്പാക്കണം. ഞാൻ അദ്ധ്യാപികയായിരുന്നപ്പോൾ ഇതു പരീക്ഷിച്ചിരുന്നു. പെൺകുട്ടികൾ ഒരു ഭാഗത്തും ആൺകുട്ടികൾ മറുഭാഗത്തുമിരിക്കുന്ന രീതി ശരിയല്ല.
- ആർ ബിന്ദു,
ഉന്നത വിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |