കോഴിക്കോട്:പുതുക്കിയ മെനു അനുസരിച്ച് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകാനാവാതെ
സ്കൂളുകൾ.ഫണ്ടിന്റെ അപര്യാപ്തതയും വിഭവങ്ങൾ തയ്യാറാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള പാചക തൊഴിലാളികളെ കിട്ടാത്തതുമാണ് പ്രശ്നം.
ഫ്രൈഡ് റൈസ്, ലെമൺ റൈസ് തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തിൽ ചില ജില്ലകളിൽ നൽകിയതൊഴിച്ചാൽ പലയിടത്തും പഴയ രീതിയാണ് . ഭൂരിഭാഗം സ്കൂളുകളിലും പാചക തൊഴിലാളികൾ 50 വയസ് കഴിഞ്ഞവരാണ്. ഇവരിൽ പലർക്കും പുതിയ വിഭവങ്ങൾ
തയാറാക്കാനുള്ള പരിശീലനമില്ല. പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും സഹകരിച്ചാണ്
ചില സ്കൂളുകളിലെങ്കിലും ഭക്ഷണം തയ്യാറാക്കുന്നത്.
നടുവൊടിയും
ചെലവ്
ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, തക്കാളി റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഒന്ന് തയ്യാറാക്കണം. കൂടെ വെജിറ്റബിൾ കറിയോ കുറുമയോ വേണമെന്നാണ് പുതിയ മെനു. ഇലകളും പച്ചക്കറികളുമെല്ലാം ഉപയോഗിച്ച് വ്യത്യസ്ത ഭക്ഷണം തയ്യാറാക്കാൻ ഇപ്പോഴത്തെ ഫണ്ട് മതിയാകില്ല.
ഒരു മാസം 20 ദിവസമാണ് ഉച്ചഭക്ഷണം . 100 കുട്ടികളുള്ള സ‌്കൂളിൽ 20 ദിവസം ഭക്ഷണം വിളമ്പാൻ ചുരുങ്ങിയത് 13000 രൂപയാകും. ഇതിനൊപ്പം ഗ്യാസ്, വാഹനം, ചുമട്ടു തൊഴിലാളികളുടെ കൂലി എന്നിവയുമാകുമ്പോൾ 25000 കടക്കും.
കേന്ദ്ര, സംസ്ഥാന വിഹിതമായി എൽ.പി, യു.പി വിഭാഗം ഒരു കുട്ടിക്ക് ഒരു ദിവസം യഥാക്രമം 6.78 രൂപ, 10.17 രൂപ നിരക്കിലാണ് നൽകുന്നത്. ഇത് പ്രകാരം 20 ദിവസത്തേക്ക് എൽ.പിയിൽ 13,560 രൂപയും യു.പിയിൽ 20,340 രൂപയുമാണ് കിട്ടുന്നത്. മാസം 12,000 രൂപയെങ്കിലും കെെയിൽ നിന്നെടുക്കേണ്ടി വരുമെന്നാണ് പ്രധാനദ്ധ്യാപകർ പറയുന്നത്. പലപ്പോഴും മുട്ടയ്ക്കും പാലിനും പോലും അധിക വില നൽകണം. മുട്ടയ്ക്ക് ആറ് രൂപയും ഒരു ലിറ്റർ പാലിന് 52 രൂപയുമാണ് സർക്കാർ നൽകുന്നത്. മുട്ടയ്ക്ക് 6.50 ഉം പാലിന് 56മാണ്
വിപണി വില. ഇവ വാങ്ങാൻ മാസം 500 രൂപയെങ്കിലും അദ്ധ്യാപകർ നീക്കി വയ്ക്കണം.
'' ഭക്ഷണമൊരുക്കാൻ അദ്ധ്യാപകർ പലരുടെയും സഹായം തേടുകയാണ്. ഇപ്പോഴുള്ള ഫണ്ട് മതിയാകില്ല.''
- സുനിൽ കുമാർ,ബി
കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |